ഫ്ലിപ്പ് കാർട്ട് ഓൺലൈൻ ഡലിവറി ജീവനക്കാർ പണിമുടക്കി

മാവേലിക്കര: ഫ്ലിപ്പ് കാർട്ടിന്റെ ഡലിവറി സർവ്വീസായ ഇ- കാർട്ടിലെ ഡലിവറി ജീവനക്കാരാർ പണിമുടക്കി. ചുനക്കര മാർക്കറ്റ് ജംഗ്ഷനിൽ പ്രവർത്തിച്ചു വരുന്ന ഹബിലെ നാൽപ്പതോളം വരുന്ന തൊഴിലാളികളാണ് രണ്ട് ദിവസമായി സമരം നടത്തുന്നത്. സാധനങ്ങൾ വിതരണം ചെയ്യുമ്പോൾ ഇ – കാർട്ട് നൽകിയിരുന്ന വേതനം രണ്ട് തവണ വെട്ടിക്കുറച്ച് 15.50 രൂപയാക്കിയിരുന്നു. ഇപ്പോൾ വീണ്ടും 5.50 രൂപ കുറയ്ക്കാനുള്ള തീരുമാനം വന്നതോടെയാണ് ജീവനക്കാർ പണിമുടക്കി പ്രതിഷേധിച്ചത്.

സാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള വേതനം വർധിപ്പിക്കുക, വലിയ പെട്ടികളും ഗ്രോസരിയും ഒഴിവാക്കുക, തൊഴിലാളികൾക്ക് അനുവദനീയമായ അവധി അനുവദിക്കുക, റ്റി.ഡി.എസിന്റെ വിശദാംശങ്ങൾ രേഖാമൂലം കമ്പനി അറിയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്. സ്ത്രീകൾ ഉൾപ്പെടെ ധാരാളം പേരാണ് ഡലവറിക്കായി ദിവസേന ജോലി ചെയ്തു വരുന്നത്. മഴക്കാലം എത്തിയിട്ട് റയിൻ കോട്ട് നൽകാനോ റയിൻ കോട്ട് വാങ്ങാനായി ധനസഹായമോ കമ്പനി നൽകുന്നില്ല. തൊഴിലാളിയുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട് ഫ്ലിപ്പ് കാർട്ടിൽ ജോലി ചെയ്യേണ്ടി വരുന്നതെന്ന് അവർ ആരോപിച്ചു.

രണ്ടായിരത്തോളം സാധനങ്ങൾ വിതരണത്തിനായി ദിവസേന എത്തുന്ന ഹബാണ് ചുനക്കരയിലേത്. സുനിൽ വയലിൽ, ഗോകുൽ, വിഷ്ണു, നിതിൻ രാജ്, രേവതി പണിക്കർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Related Articles

Back to top button