ഫ്രൂട്ട്സ് കട….പക്ഷെ കണ്ടെത്തിയത് നിരോധിത പുകയില ഉത്പന്നങ്ങൾ…
പഴവും പച്ചക്കറിയും വിൽക്കുന്ന കടയുടെ മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കയക്ക് പൂട്ടിട്ട് പഞ്ചായത്ത്. കാസർകോഡ് നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ കടയുടെ ലൈസൻസാണ് പഞ്ചായത്ത് റദ്ദാക്കിയത്. മുളിയാർ പഞ്ചായത്തിലെ വൈ.എം.എച്ച് ഫ്രൂട്ട്സ് എന്ന കടയിൽ നിന്നും നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
റേഞ്ച് ഓഫീസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബദിയടുക്ക എക്സൈസ് സംഘം കഴിഞ്ഞ ഏപ്രിൽ രണ്ടാം തീയതി ഈ കടയിൽ നിന്ന് 3 കിലോഗ്രാമും ജൂൺ ഒന്നിന് 2.9 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് റേഞ്ച് ഇൻസ്‌പെക്ടർ സുബിൻ രാജ് പഞ്ചായത്ത് സെക്രട്ടറിക്ക് കടയുടെ ലൈസൻസ് റദ്ദുചെയ്യാൻ കത്ത് നൽകി. ഇതിന്‍റ അടിസ്ഥാനത്തിലാണ് നടപടി. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എക്സൈസ് വ്യക്തമാക്കി.