ഫ്രഞ്ച് ഡിഫെൻഡറെ തട്ടകത്തിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്; എത്തുന്നത് ലെസ്‌കോവിച്ചിന് പകരക്കാരനായി…
കൊച്ചി: ഫ്രഞ്ച് താരം അലക്സാണ്ടർ കോഫ് കേരള ബ്ലാസ്റ്റേഴ്സിലേക്ക്. മാർക്കോ ലെസ്കോവിച്ചിന്റെ പകരക്കാരനായാണ് അൽജീരിയൻ വംശജനായ കോയെഫയെത്തുന്നത്. ഫ്രാൻസിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ സ്റ്റേഡ് മൽഹെർബെ കെയ്നിൽ നിന്നാണു മുപ്പത്തിരണ്ടുകാരൻ സെന്റർ ബാക്ക് ഐഎസ്എലിലേക്കു വരുന്നത്. ഫ്രഞ്ച് ലീഗ് വണ്ണിലും സ്പാനിഷ് ലാ ലിഗയിലും ഉൾപ്പെടെ മുന്നൂറിലേറെ മത്സരങ്ങൾ കളിച്ച പരിചയസമ്പന്നനാണ് കോയെഫ്. വൈദ്യപരിശോധന പൂർത്തിയായാലുടൻ കോഫ് ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിടും.
മോണ്ടിനെഗ്രോ താരം മിലോസ് ഡ്രിൻസിച്ചാണ് മറ്റൊരു ബ്ലാസ്റ്റേഴ്സ് വിദേശ പ്രതിരോധ താരം. അണ്ടർ 16 മുതൽ അണ്ടർ 23 വരെയുള്ള ഫ്രഞ്ച് ടീമുകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന കോഫ്. ഒരു വെർസെറ്റൈൽ കളിക്കാരനായതിനാൽ പ്രതിരോധത്തിലും ഡിഫൻസീവ് മിഡ്ഫീൽഡിലും ഒരുപോലെ മികവു തെളിയിക്കാൻ സാധിക്കും.
ബ്ലാസ്റ്റേഴ്സിലേക്ക് ഇനി ഒരു വിദേശതാരം കൂടിയാണു വരാനുള്ളത്. ഒരു മിഡ്‌ഫീൽഡർ എത്തുമോ അതോ ഗോൾ അടിച്ചുകൂട്ടാൻ കഴിവുള്ള ഫോർവേടാവുമോ ടീമിലെത്തുകയെന്ന് ആരാധകർ ഉറ്റുനോക്കുന്നു.