പൗരത്വ ഭേദഗതി നിയമം… കേരളത്തിൽ നടപ്പാക്കില്ല….
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം 2024 കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാര്‍ നിയമം പ്രാബല്യത്തിലായെന്ന് അറിയിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതികരണം. വർഗീയ വിഭജന നിയമത്തെ കേരളം ഒന്നിച്ച് എതിർക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാം തരം പൗരൻമാരായി കണക്കാക്കുന്നതാണ് പൗരത്വ നിയമ ഭേദഗതി നിയമമെന്നും വിമര്‍ശിച്ചു.തിരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിൽ കുറ്റപ്പെടുത്തുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് വിജ്ഞാപനം പുറത്തിറക്കിയത്. ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ് നീക്കം. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പല തട്ടുകളാക്കാനുള്ള ഈ നിയമം ഒറ്റക്കെട്ടായി എതിർക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.