പൗരത്വ നിയമ ഭേദഗതി.. ഹർജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും…
പൗരത്വ നിയമ ഭേദഗതിക്കെതിരായ എല്ലാ ഹർജികളും സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ഹർജികൾ ഉടൻ പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടതോടെയാണ് ചൊവ്വാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്. 237 ഹർജികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലുളളത്. എല്ലാ ഹർജികളും കോടതി പരിഗണിച്ച് വിശദവാദം കേൾക്കും. അതേസമയം വാദം കേൾക്കുന്നതിൽ എതിർപ്പില്ലെന്ന നിലപാടിലാണ് കേന്ദ്രം. പൗരത്വം നൽകുന്നതിനെ ചോദ്യം ചെയ്യാൻ ഹർജിക്കാർക്ക് അവകാശമില്ലെന്നും കേന്ദ്രം കോടതിയിൽ നിലപാടെടുത്തു. മുസ്ലിം ഇതര അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയതോടെ രാജ്യമാകെ കടുത്ത പ്രതിഷേധമുയർന്നു. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു,സിഖ്,ക്രിസ്ത്യൻ,ബുദ്ധ,ജൈന,പാഴ്സി വിഭാഗങ്ങളിലെ അഭയാർത്ഥികൾക്കാവും പൗരത്വം നൽകുന്നത്. 2014 ന് മുമ്പ് ഇന്ത്യയിലെത്തിയവർക്ക് പൗരത്വം കിട്ടും. ജില്ലാ ഉന്നതാധികാര സമിതികളാണ് അപേക്ഷ പരിഗണിച്ച് പൗരത്വം നൽകേണ്ടത്. ജില്ലാ സമിതിയിലെ അംഗങ്ങളെ കേന്ദ്രസർക്കാർ നിശ്ചയിക്കും. പൗരത്വ സർട്ടിഫിക്കറ്റ് ഡിജിറ്റലായും ആവശ്യപ്പെടുന്നവർക്ക് നേരിട്ടും നല്കും. മുസ്ലിം വിഭാഗത്തെ ഒഴിവാക്കിയുളള കേന്ദ്ര സക്കാർ തീരുമാനത്തിനെതിരെയാണ് പ്രതിപക്ഷ കക്ഷികൾ കോടതിയെ സമീപിച്ചത്.