പ്രോസിക്യൂഷന്റെ വിജയം… അന്വേഷണ ഉദ്യോഗസ്ഥന് ശാപവാക്കുകള്‍….
മാവേലിക്കര: ഉറ്റബന്ധുക്കളുടെ കണ്‍മുന്‍പിലിട്ട് മത്സ്യ വ്യാപാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷനുണ്ടായത് വലിയ വിജയം. വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതികളെ ഭയന്നും മറ്റും പ്രധാന സാക്ഷികളുള്‍പ്പടെ നിരവധിപേര്‍ കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായ നിലപാട് എടുത്തിരുന്നു. എന്നാല്‍ അതിനെയും മറികടന്ന് പ്രോസിക്യൂഷന്‍ നീതിയ്ക്ക് വേണ്ടി നടത്തിയ പോരാട്ടമാണ് വിജയം കണ്ടതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സന്തോഷ് പറഞ്ഞു. മജിസ്‌ട്രേട്ടിന് മുന്‍പില്‍ പ്രതികള്‍ക്ക് എതിരെ മൊഴികൊടുത്തശേഷം സെഷന്‍സ് കോടതിയില്‍ ആദ്യമൊഴിയ്ക്ക് വിരുദ്ധമായും പ്രതികള്‍ക്ക് അനുകൂലമായും മൊകൊടിത്ത് പ്രധാന സാക്ഷിയായ കൊല്ലപ്പെട്ട കുഞ്ഞുമോന്‍ ളൂഷസിന്റെയും കൊലപാതകി സേവ്യരുടേയും സഹോദരിയായ അമ്മിണിയ്‌ക്കെതിരെ നടപടിയ്ക്ക് ഒരുങ്ങുകയാണെന്നും പി.സന്തോഷ് കൂട്ടിച്ചേര്‍ത്തു. സന്തോഷിനെ കൂടാതെ പ്രോസിക്യൂഷന് വേണ്ടി ഇ.നാസറുദ്ദീന്‍, സരുണ്‍.കെ.ഇടിക്കുള എന്നിവരും ഹാജരായിരുന്നു.
എന്നാൽ കേസില്‍ വിധിയ്ക്ക് ശേഷം പ്രതികളുടെ തിരിച്ചറിയല്‍ അടയാളങ്ങള്‍ ശേഖരിക്കുന്ന മുറിക്കു സമീപത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ സി.ഐ ജോസ് മാത്യുവിന് നേരെ പ്രതികളായ അപ്പുണ്ണി എന്ന് വിളിക്കുന്ന ഷൈബുവിന്റെയും ഷിബുവിന്റെയും ശാപവാക്കുകള്‍. ഇതിനെല്ലാം അനുഭവിക്കുമെന്നും തങ്ങളുടെ അമ്മയെ അക്രമിച്ചു തലപൊട്ടിച്ചവരെ സംരക്ഷിക്കുകയായിരുന്നു. ജയിലില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് സാറിന്റെ പേരെഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്യും എന്നതുള്‍പ്പടെയുള്ള ഭീഷണിയും പ്രതികള്‍ മുഴക്കി. ചിത്രമെടുക്കുവാനായി എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും പ്രതികള്‍ തട്ടിക്കയറി.