പ്രസവത്തെ തുടർന്ന് യുവതിയുടെ മരണം… മെഡിക്കല്‍ കോളേജ് സൂപ്രണ്ടിൻെറ മറുപടി തൃപ്തികരമല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ…
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശേഷം ചികിത്സയിലിരിക്കെ ഷിബിന എന്ന യുവതി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് സമർപ്പിച്ച മറുപടി തൃപ്തികരമല്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. ഇക്കാര്യം ചൂണ്ടികാട്ടി റിപ്പോര്‍ട്ട് കമ്മീഷൻ തള്ളി. കൂടുതൽ വിശദമായ റിപ്പോർട്ട് അടുത്ത സിറ്റിങ്ങിന് മുമ്പ് നൽകണമെന്നും കമ്മീഷൻ ചെയർമാൻ അഡ്വ.എ.എ.റഷീദ് നിർദ്ദേശം നൽകി . ഇക്കാര്യത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്ത് റിപ്പോര്ട്ട ആവശ്യപ്പെടുകയായിരുന്നു. മെഡിക്കൽ കോളേജ് സൂപ്രണ്ട് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നും ശരിയായ ഫോറമാറ്റിൽ പോലും നൽകിയിട്ടില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മാസം അവസാനമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. ഇതിനിടെയാണ് സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്ത് റിപ്പോര്‍ട്ട് തേടിയത്.