പ്രസംഗത്തിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചു… കളക്ടറെ മന്ത്രി ശകാരിച്ചു…
പൊതുപരിപാടിയിൽ മന്ത്രി പ്രസംഗിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിച്ച ജില്ല കളക്ടറെ കണക്കിന് ശകാരിച്ചു മന്ത്രി. കളക്ടറെ മന്ത്രി പരസ്യമായി ശാസിക്കുകയും യോഗത്തിൽ നിന്ന് ഇറക്കി വിടുകയും ചെയ്തു. രാജസ്ഥാനിലെ തദ്ദേശുഗ്രാമ വികസന മന്ത്രി രമേഷ് മീണയാണ് ബിക്കാനീർ കളക്ടർ ഭഗവതി പ്രസാദ് കലാലിനെതിരെ അധിക്ഷേപം ചൊരിഞ്ഞത്. ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ പറയുമ്പോൾ കളക്ടർ എന്താണ് അതിനു ചെവി കൊടുക്കാത്തത് എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. കളക്ടർ ഉടൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റെങ്കിലും മറ്റൊന്നും പറഞ്ഞില്ല. സംസ്ഥാനത്തെ ഉദ്യോഗസ്ഥ വൃന്ദത്തിനു ഇത്ര ധിക്കാരമോ എന്ന മന്ത്രിയുടെ ചോദ്യത്തിന് പിന്നാലെ കളക്ടർ യോഗം വിട്ടിറങ്ങി. മന്ത്രിയുടെ നടപടിക്കെതിരെ രാജസ്ഥാൻ ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ ചീഫ് സെക്രട്ടറിയായ ഉഷ ശർമ്മയ്ക്ക് നിവേദനം നൽകി. സ്ത്രീകൾക്ക് ഗുണകരമായ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചപ്പോൾ തുടർച്ചയായി കളക്ടർ ഫോണിൽ ആയതുകൊണ്ടാണ് ചൂടായതെന്ന് മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ വാക്കു കേൾക്കാത്ത കളക്ടർ പൊതുജനങ്ങൾക്ക് ചെവി കൊടുക്കുമോ എന്ന് ചോദിച്ചു.