പ്രവൃത്തി പരിചയമുള്ള ഡോക്ടറെന്ന് പറഞ്ഞപ്പോൾ പിന്നൊന്നും നോക്കിയില്ല..എംബിബിഎസ് പാസായില്ലെന്ന് അറിഞ്ഞത് ഇപ്പോൾ..വീഴ്ച സമ്മതിച്ച് ആശുപത്രി…

കോഴിക്കോട് കോട്ടക്കടവില്‍ വ്യാജ ഡോക്ടര്‍ ചികിത്സിച്ച രോഗി മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച് കോട്ടക്കടവ് ടി എം എച്ച് ആശുപത്രി അധികൃതര്‍. എംബിബിഎസ് പാസ്സാകാത്തയാളെ ഡോക്ടറായി നിയമിച്ചതിൽ വീഴ്ചയുണ്ടായെന്ന് കോട്ടക്കടവ് ടി എം എച്ച് ആശുപത്രി അധികൃതര്‍ തുറന്നു സമ്മതിച്ചു. വര്‍ഷങ്ങളോളം പ്രവൃത്തി പരിചയമുള്ള ഡോക്ടറെന്ന് പറഞ്ഞാണ് അബു അബ്രഹാം ലൂക്ക് സമീപിച്ചതെന്ന് ആശുപത്രി മാനേജര്‍ മാനേജ് പാലക്കല്‍ വെളിപ്പെടുത്തി.

അബു അബ്രഹാം ലൂക് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. ഇയാളുടെ യോഗ്യത പരിശോധിക്കുന്നതില്‍ വീഴ്ചയുണ്ടായി. ഇയാള്‍ തന്ന രജിസ്ട്രേഷന്‍ നമ്പര്‍ മറ്റൊരു ഡോക്ടറുടേതായിരുന്നു. പരാതി വന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം മനസിലാകുന്നത്. നാലു വര്‍ഷമായിട്ടും ഇയാള്‍ക്കെതിരെ പരാതി വന്നിരുന്നില്ല. നല്ല ഡോക്ടറെന്ന പേര് ഇയാള്‍ ഇതിനകം സമ്പാദിച്ചിരുന്നുവെന്നും അബു അബ്രഹാം ലൂക്കിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മാനേജര്‍ വ്യക്തമാക്കി.

കോട്ടക്കടവ് ടി എം എച്ച് ആശുപത്രിയില്‍ നെഞ്ച് വേദനയെത്തുടര്‍ന്ന് ചികിത്സ തേടിയ കടലുണ്ടി പൂച്ചേരിക്കുന്ന് സ്വദേശി പാച്ചാട്ട് വിനോദ് കുമാറാണ് മരിച്ചത്. ആശുപത്രിയില്‍ അഞ്ച് വര്‍ഷമായി ആര്‍ എം ഒ ആയി ചികിത്സ നടത്തിയ അബു അബ്രഹാം ലൂക്ക എംബിബിഎസ് രണ്ടാം വര്‍ഷ പരീക്ഷ പാസായിട്ടില്ലെന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വ്യക്തമായത്.

Related Articles

Back to top button