പ്രവാചക നിന്ദ ആരോപിച്ച് ഡോക്ടറെ വെടിവെച്ച് കൊന്ന് പൊലീസ്..മൃതദേഹം കത്തിച്ച് ജനക്കൂട്ടം…

മതനിന്ദ ആരോപിച്ച് ഡോക്ടറെ പോലീസ് വെടിവച്ചു കൊന്നു.ഏറ്റുമുട്ടലിനിടെ ഡോക്ടര്‍ കൊല്ലപ്പെട്ടുവെന്നതാണ് പോലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ വ്യാജ ഏറ്റുമുട്ടലില്‍ ഡോക്ടറെ വധിച്ചുവെന്നാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. തെക്കന്‍ പാകിസ്ഥാനിലെ മിര്‍പുര്‍ഖാസിനടുത്താണ് സംഭവം. സംഭവത്തില്‍ സിന്ധ് പ്രവിശ്യയിലെ പ്രാദേശിക പോലീസ് മേധാവി നിയാസ് ഖോസോയുടെ വിശദീകരണം ഇങ്ങനെയാണ്. പ്രവാചകനായ മുഹമ്മദിനെ അപമാനിച്ചതിനും സമൂഹമാധ്യമങ്ങളില്‍ മതനിന്ദാപരമായ ഉള്ളടക്കം പങ്കുവെച്ചതിനും കുറ്റാരോപിതനായ ഷാനവാസ് കന്‍ഭര്‍ ചൊവ്വാഴ്ച ഒളിവില്‍ പോയിരുന്നു.

ബുധനാഴ്ച രാത്രിയോടെ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരെ അവരുടെ വാഹനം പരിശോധിക്കുന്നതിനായി മിര്‍പൂര്‍ഖാസ് നഗരത്തിലെ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ വാഹനം നിര്‍ത്താതെ ഇവരില്‍ ഒരാള്‍ പോലീസിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് തിരിച്ചും വെടിവെച്ചതോടെ ഇവരില്‍ ഒരാള്‍ കൊല്ലപ്പെടുകയായിരുന്നു. വെടിവെപ്പിന് ശേഷമാണ് തങ്ങള്‍ വെടിവെച്ചത് മതനിന്ദ നടത്തിയ ഡോ. ഷാനവാസ് കന്‍ഭര്‍ ആണെന്ന് പോലീസിന് മനസിലായത്. ഇദ്ദേഹത്തിന്റെ സഹയാത്രികന്‍ രക്ഷപ്പെട്ടതായും പോലീസ് മേധാവി നിയാസ് ഖോസോ പറഞ്ഞു.

മതനിന്ദ ആരോപിക്കപ്പെട്ട കന്‍ഭറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉമര്‍കോട്ടിലെ ഇസ്ലാമിസ്റ്റുകള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ഇദ്ദേഹത്തിന്റെ ക്ലിനിക്ക് കത്തിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഡോക്ടര്‍ കന്‍ഭര്‍ വെടിയേറ്റ് മരിച്ചത്. നാട്ടുകാരും ഉദ്യോഗസ്ഥരും തടഞ്ഞതിനെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാന്‍ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വന്നതായി ബന്ധുക്കള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. കന്‍ഭറിന്റെ മൃതദേഹം രോഷാകുലരായ ജനക്കൂട്ടം കത്തിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. കന്‍ഭറിന്റെ കുടുംബം അദ്ദേഹത്തിന്റെ ജന്മഗ്രാമമായ ജാന്‍ഹീറോയിലേക്ക് മൃതദേഹം സംസ്‌കരിക്കുന്നതിനായി കൊണ്ടുവന്നിരുന്നു. എന്നാല്‍ മൃതദേഹം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ തടിച്ചുകൂടുകയും ബന്ധുക്കളെ ഓടിക്കുകയും ചെയ്തു. ലോക്കല്‍ പോലീസ് ഓഫീസര്‍ ഷക്കൂര്‍ റഷീദ് പറഞ്ഞു. സംഘര്‍ഷവസ്ഥയില്‍ കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടതോടെ ഉപേക്ഷിച്ച കാറുകളിലൊന്നില്‍ ജനക്കൂട്ടം മൃതദേഹം കണ്ടെത്തി തീയിട്ടതായും റഷീദ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button