പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളെ പിന്നിൽനിന്നടിച്ച് കടന്ന് കളയും..ആശങ്ക…
കണ്ണൂര്‍ കരിവെള്ളൂരിലും പരിസരങ്ങളിലും പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്നതായി പരാതി.സ്‌കൂട്ടറിലെത്തുന്ന അക്രമി പിറകിൽ നിന്ന് സ്ത്രീകളെ അടിച്ച ശേഷം രക്ഷപ്പെട്ട് പോകും.കഴിഞ്ഞ രണ്ടാഴ്ചയിലധികമായി പ്രദേശത്ത് പത്തിലധികം സ്ത്രീകൾക്കാണ് അടി കിട്ടിയത്. ഇയാളെ പിടിക്കാൻ പലതവണ നാട്ടുകാർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പെരളം, കൊഴുമ്മൽ, പുത്തൂർ ഭാഗങ്ങളിലുള്ളവർക്കാണ് ആദ്യം അടി കിട്ടിയത്.
രാവിലെ വെളിച്ചം വീഴുന്നതിനു മുൻപ് നടക്കുന്നവരെയാണ് അടിക്കുന്നത്. കൂട്ടമായി സഞ്ചരിക്കുന്നവരെയും വെറുതെ വിടുന്നില്ല. സ്കൂട്ടറിലെത്തി പിറകിൽനിന്ന് അടിച്ച ഉടനെ വേഗത്തിൽ വണ്ടി ഓടിച്ചുപോവും. മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തി വീണ്ടും തിരിച്ചുവരാറുണ്ടെന്നും പരാതിക്കാർ പറയുന്നു. വെളിച്ചക്കുറവുകൊണ്ടും ഹെൽമറ്റ് ധരിച്ചിരിക്കുന്നതുകൊണ്ടും അക്രമിയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നും ഇവർ പറയുന്നു.അടി കിട്ടിയ സ്ത്രീകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.