പ്രധാനമന്ത്രി ബഹിരാകാശത്തേക്ക്..സൂചന നല്‍കി ഐ.എസ്.ആര്‍.ഒ തലവൻ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബഹിരാകാശ യാത്രയെ കുറിച്ച് സൂചന നല്‍കി ഐ.എസ്.ആര്‍.ഒ തലവൻ.മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യമായ ‘ഗഗന്‍യാന്‍’ യാഥാര്‍ഥ്യമായാല്‍ മോദിയെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ സന്തോഷമേയുള്ളൂവെന്നാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ് പറഞ്ഞത്.

രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ഗഗന്‍യാന്റെ ആദ്യ യാത്രയ്ക്കുള്ള സംഘത്തെ നേരത്തെ മോദി പ്രഖ്യാപിച്ചിരുന്നു. വ്യോമസേനയുടെ ഭാഗമായ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അംഗദ് പ്രതാപ്, അജിത് കൃഷ്ണന്‍, ശുബാന്‍ഷു ശുക്ല എന്നിവരാണു പരീക്ഷണത്തിന്റെ ഭാഗമാകാന്‍ പോകുന്നത്. എന്നാല്‍, ദൗത്യത്തിനായി അയക്കാന്‍ യോഗ്യരായ പരിശീലനം സിദ്ധിച്ച ബഹിരാകാശ യാത്രികര്‍ കുറവാണെന്ന് ഡോ. സോമനാഥ് പറഞ്ഞു. വി.ഐ.പികള്‍ ഉള്‍പ്പെടെയുള്ളവരെ ഇപ്പോള്‍ അയയ്ക്കാനാകില്ല. വര്‍ഷങ്ങളുടെ പരിശീലനവും കഴിവുകളും ആവശ്യമായ ദൗത്യമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗഗന്‍യാന്‍ യാഥാര്‍ഥ്യമായാല്‍ മോദിയെ കൊണ്ടുപോകാമെന്നും അദ്ദേഹം സൂചിപ്പിച്ചു. അത്തരമൊരു ഘട്ടമെത്തിയാല്‍ രാഷ്ട്രത്തലവന്‍ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്കു പറക്കണം. അതു നമ്മുടെ പേടകത്തിലും നമ്മുടെ മണ്ണില്‍നിന്നുമാകണം. ഗഗന്‍യാന്‍ അതിനു സജ്ജമാകാന്‍ കാത്തിരിക്കുകയാണെന്നും ഡോ. സോമനാഥ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button