‘പ്രധാനമന്ത്രിക്ക് നാണമില്ലേ’….. കേന്ദ്ര പദ്ധതികളിൽ കേരളം മുൻപന്തിയിൽ…. കൊള്ളയെന്ന ആക്ഷേപം തള്ളി തോമസ് ഐസക്

കേന്ദ്ര ഫണ്ട് കേരളം കൊള്ളയടിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് ശക്തമായ ഭാഷയിൽ മറുപടി നൽകി മുൻ മന്ത്രി തോമസ് ഐസക്. കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുന്നതിൽ കേരളം രാജ്യത്ത് തന്നെ മുൻപന്തിയിലാണെന്നും പ്രധാനമന്ത്രിയുടെ ആക്ഷേപങ്ങൾ വസ്തുതാരഹിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രാവിഷ്കൃത പദ്ധതിയായ തൊഴിലുറപ്പ് പദ്ധതിയിൽ കേരളം വലിയ നേട്ടമുണ്ടാക്കിയിട്ടുണ്ട്. സർവ്വശിക്ഷാ അഭിയാൻ വഴി നിരവധി പുരസ്കാരങ്ങൾ കേരളത്തിലെ സ്കൂളുകൾക്ക് ലഭിച്ചു. ഇത്രയേറെ മികവോടെ പദ്ധതികൾ നടപ്പിലാക്കുന്ന കേരളത്തിനെതിരെ കൊള്ളയെന്ന് പറയാൻ പ്രധാനമന്ത്രിക്ക് നാണമില്ലേ എന്ന് ഐസക് ചോദിച്ചു. ഇന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം നരേന്ദ്ര മോദിയുടെ നയങ്ങളാണ്. തന്റെ വീഴ്ചകൾ മറച്ചുവെക്കാനാണ് മോദി കേരളത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
എഫ്സിആർഎ നിയമഭേദഗതിയിലൂടെ കേന്ദ്രസർക്കാർ ക്രിസ്ത്യൻ സഭകളെയാണ് ലക്ഷ്യം വെക്കുന്നത്. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്ന സ്വേച്ഛാധിപത്യപരമായ നടപടിയാണിത്. കേന്ദ്ര അതോറിറ്റിക്ക് എന്തും ചെയ്യാനുള്ള അധികാരം നൽകുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് എക്കാലത്തും വർഗ്ഗീയ ശക്തികൾക്ക് എതിരാണ്. എന്നാൽ തിരഞ്ഞെടുപ്പിൽ ആരുടെ വോട്ട് ലഭിച്ചാലും വേണ്ടെന്ന് പറയില്ല. എസ്ഡിപിഐ എൽഡിഎഫിന് വോട്ട് ചെയ്യുന്നുണ്ടെങ്കിൽ അത് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടായിരിക്കും. വോട്ടിന് വേണ്ടി വ്യത്യസ്ത കാഴ്ചപ്പാടുകൾ ഇടതുപക്ഷത്തിനില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.



