പ്രത്യേക മുറി ഉപയോഗിച്ചില്ല..കുടിച്ചത് വെള്ളം മാത്രം..പ്രധാനമന്ത്രിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്നവസാനിക്കും…
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം ഇന്ന് അവസാനിക്കും. 45 മണിക്കൂർ നീണ്ട ധ്യാനം ഉച്ചയോടെ അവസാനിപ്പിച്ച് വൈകിട്ട് മൂന്നരയോടെ പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങും. തിരുവനന്തപുരം വിമാനത്താവളത്തിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4.20ന് എത്തിയ പ്രധാനമന്ത്രി തുടർന്ന് ഹെലികോപ്റ്ററിൽ 4.55ന് കന്യാകുമാരിയിലെ തമിഴ്നാട് സർക്കാർ ഗസ്റ്റ് ഹൗസിലെ ഹെലിപാഡിൽ ഇറങ്ങിയാണ് ധ്യാനത്തിനെത്തിയത്.
സൂര്യാസ്തമയം കണ്ട് ക്ഷേത്ര ദർശനവും കഴിഞ്ഞാണ് അദ്ദേഹം 45 മണിക്കൂർ ധ്യാനം ആരംഭിച്ചത്. ചൂട് വെള്ളം മാത്രമാണ് രാത്രി പ്രധാനമന്ത്രി കുടിച്ചത്.ധ്യാനമണ്ഡപത്തിൽ നിലത്താണ് രാത്രി കഴിച്ചുകൂട്ടിയത്. പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല.വെള്ളവസ്ത്രം ധരിച്ചെത്തിയ പ്രധാനമന്ത്രി കാവിയുടുത്താണ് ധ്യാനത്തിലിരിക്കുന്നത്. പുലർച്ചെ സൂര്യോദയം കണ്ടശേഷം പ്രാർഥനയിലേക്ക് കടന്നു.ധ്യാനം കഴിഞ്ഞ് ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് അദ്ദേഹം മടങ്ങും. തിരുവനന്തപുരത്ത് നിന്ന് 4.10ന് വ്യോമസേന വിമാനത്തിലാണ് ഡൽഹിയിലേയ്ക്ക് മടങ്ങുക.