പ്രതിയെ തന്നെ പ്രതിഭാഗം സാക്ഷിയാക്കി വിസ്തരിച്ച പോക്സോ കേസ്… യുവാവിന് 45 വർഷം കഠിനതടവും  4.40 ലക്ഷം രൂപ പിഴയും….


അടൂർ: പ്രതിയെ തന്നെ പ്രതിഭാഗം സാക്ഷിയാക്കി വിസ്തരിച്ച പോക്സോ കേസിൽ യുവാവിന് 45 വർഷം കഠിനതടവും 4.40 ലക്ഷം രൂപ പിഴയും ശിക്ഷിച്ച് അതിവേഗ സ്പെഷ്യൽ കോടതി. അടൂർ പെരിങ്ങനാട് കരുവാറ്റ അമ്പനാട്ടു വീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന സൂര്യജിത്തി(23)നെയാണ് പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്.

2022 ഏപ്രിൽ 2 ന് വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി മറ്റാരും ഇല്ലാത്ത നേരത്ത് പതിനഞ്ചുകാരിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ, പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിച്ചു, 27 രേഖകൾ പരിശോധിക്കുകയും ചെയ്തു. പോക്സോ നിയമപ്രകാരവും, ഇന്ത്യൻ ശിക്ഷനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ അനുസരിച്ചും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. പിഴത്തുക പെൺകുട്ടിക്ക് നൽകണം, അടയ്ക്കാത്തപക്ഷം രണ്ടര വർഷം കൂടി അധികതടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു.

പ്രതിയുടെ ഭാഗത്തുനിനുള്ള പ്രത്യേക അപേക്ഷ പ്രകാരം പ്രതിയെ നേരിട്ട് പ്രതിഭാഗം സാക്ഷിയാക്കി വിസ്തരിച്ചു എന്ന അപൂർവതയും ഈ കേസിനുണ്ട്. പ്രതിഭാഗത്തുനിന്നും ഇയാൾ ഉൾപ്പെടെ 4 സാക്ഷികളെ വിസ്തരിക്കുകയും 9 രേഖകൾ പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി സ്മിത ജോൺ ഹാജരായി. കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപാത്രം ഹാജരാക്കിയത് അന്നത്തെ അടൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ടി ഡി പ്രജീഷ് ആയിരുന്നു. പ്രോസിക്യൂഷൻ നടപടികളിൽ വിക്ടിം ലെയ്സൺ ഓഫീസർ എസ് സി പി ഓ എസ് സ്മിതയും പങ്കാളിയായി.

Related Articles

Back to top button