പോൾ മുത്തൂറ്റ് വധക്കേസ്… കാരി സതീഷിന്റെ ശിക്ഷ ശരിവെച്ചു….
കൊച്ചി: പോൾ മുത്തൂറ്റ് വധക്കേസിൽ ഗുണ്ടാ നേതാവ് കാരി സതീഷിന്റെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി ശരിവെച്ചു. എന്നാൽ മാരകായുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചുവെന്ന കുറ്റം ഒഴിവാക്കി. കാരി സതീഷിന്റെ അപ്പീൽ തീർപ്പാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് കാരി സതീഷ്. ഇയാൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.ആലപ്പുഴ – ചങ്ങനാശേരി റോഡിലെ പൊങ്ങ ജംഗ്ഷനിൽ 2009 ഓഗസ്റ്റ് 21ന് അര്‍ധരാത്രിയാണ് യുവ വ്യവസായിയായ പോൾ മുത്തൂറ്റ് കൊല്ലപ്പെട്ടത്. ആലപ്പുഴയിലേക്ക് പോയ ഗുണ്ടാ സംഘം വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിൽ പോളിനെ കുത്തിക്കൊലപ്പെടുത്തി എന്നാണ് കേസിൽ സിബിഐ കണ്ടെത്തൽ. പൊലീസ് അന്വേഷണത്തിനെതിരായ പരാതിയെ തുടര്‍ന്ന് 2010 ജനുവരിയിലാണ് കേസ് സിബിഐക്ക് വിട്ടത്. പോളിനൊപ്പം കാറിലുണ്ടായിരുന്ന ഗുണ്ടകര്‍ ഓം പ്രകാശിനെയും പുത്തൻപാലം രാജേഷിനെയും കേസിൽ മാപ്പുസാക്ഷികളാക്കിയിരുന്നു.