പോളിങ് ബൂത്ത് കൈയേറി ഇവിഎം പിടിച്ചെടുത്ത് കള്ളവോട്ട് ചെയ്ത് ബിജെപി എംപിയുടെ മകൻ..വീഡിയോ വൈറൽ….
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഗുജറാത്തിൽ പോളിങ് ബൂത്ത് കൈയേറി ഇവിഎം പിടിച്ചെടുത്ത് കള്ളവോട്ട് ചെയ്ത് ബിജെപി എംപിയുടെ മകൻ .. ഗുജറാത്തിലെ ദാഹോദ് മണ്ഡലത്തിലെ ബിജെപി എംപിയായ ജസ്വന്ത്സിങ് ഭാഭോറിന്റെ മകൻ വിജയ് ഭാഭോർ ആണ് ഇവിഎം കൈക്കലാക്കി കള്ളവോട്ട് ചെയ്തത്.ദാഹോദിലെ സാന്ത്രാപൂർ താലൂക്കിലെ പർഥംപൂർ ഗ്രാമത്തിലാണ് സംഭവം. വിജയ് ഭാഭോറും കൂട്ടാളികളും കൂടിയാണ് ബൂത്തിലേക്ക് അതിക്രമിച്ചുകയറിയത്. ബൂത്തിൽ അതിക്രമിച്ചു കയറുന്നത് മുതൽ ചെയ്ത എല്ലാ കാര്യങ്ങളും ഇവർ സോഷ്യൽമീഡിയയിൽ ലൈവ് ചെയ്യുകയും ചെയ്തു.
ലൈവിൽ ആദ്യം ഇവിഎം കാണിക്കുകയും പിന്നീട് ഇതിൽ കള്ളവോട്ട് ചെയ്യുന്നതും ചുവന്ന ലൈറ്റ് കത്തുന്നതും കാണാം. ഇടയ്ക്ക് തടയാൻ എത്തുന്ന പോളിങ് ബൂത്ത് ഉദ്യോഗസ്ഥരെ ഇവർ അധിക്ഷേപിക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. സംഭവം വിവാദമാവുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ ഇയാൾ ഇത് ഡിലീറ്റ് ചെയ്തു. എന്നാൽ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. അതേസമയം, ബൂത്ത് പിടിച്ചെടുക്കൽ സംഭവത്തിൽ ദാഹോദിലെ കോൺഗ്രസ് സ്ഥാനാർഥി ഡോ. പ്രഭാബെൻ തവിയാദ് വിജയ് ഭാഭോറിനെതിരെ ജില്ലാ കലക്ടർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.