പോലീസിനെ കബളിപ്പിച്ച് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ…
പോലീസിനെ കബളിപ്പിച്ച് കടന്ന പോക്സോ കേസ് പിടിയിലായി. കൊല്ലങ്കോട് വള്ള വിളയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതിയെ അഞ്ചുതെങ്ങിൽ നിന്നാണ് കോസ്റ്റൽ പോലീസ് പിടികൂടിയത്. തമിഴ്നാട് ക്യൂബ്രാഞ്ചിനെ വെട്ടിച്ച് കടൽ വഴി രക്ഷപ്പെട്ട വിൽസൻ (22) ആണ് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ പിടിയിലായത്.തമിഴ്നാട് വളളവിള പോലീസ് പരിധിയിൽ എട്ടുമാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒളിവിൽപോയ ഇയാൾ കൊച്ചി ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചിരുന്നു. ഇയാളെ പിന്തുടർന്ന തമിഴ്നാട് പോലീസ് വിവരം കോസ്റ്റൽ പോലീസിനെ അറിയിക്കുകയും, കോസ്റ്റൽ പോലീസ് പ്രതിയെ പിടികൂടുവാനായി വല വിരിക്കുകയുമായിരുന്നു.കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ കടലിൽ മത്സ്യബന്ധന യാനങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.പ്രതി സഞ്ചരിച്ചിരുന്ന വള്ളം വിഴിഞ്ഞത്തു നിന്നും കണ്ടെത്തിയതോടെ വള്ള ഉടമയേയും, തൊഴിലാളികളേയും ചോദ്യംചെയ്തു. പ്രതി അഞ്ചുതെങ്ങ് ഭാഗത്ത് വച്ച് മറ്റൊരു വള്ളത്തിൽ കരയിലേക്ക് പോയെന്ന വിവരം ലഭിച്ചതോടെ നടത്തിയ പരിശോധനയിലാണ് ഇയാളെ അഞ്ചുതെങ്ങിൽ നിന്നും കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ തമിഴ്നാട് പോലീസിന് കൈമാറി.