പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; പൊലീസ് കേസെടുത്തു

ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രവാക്യം വിളിച്ച സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയിരുന്നു. കേന്ദ്ര ഏജൻസികളും ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ തേടിയെന്നാണ് വിവരം. 10 വയസ്സ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിൽ ഇരുന്ന് പ്രകോപനപരമായ മുദ്രവാക്യം വിളിക്കുകയും മറ്റുള്ളവർ ഏറ്റുവിളിക്കുകയും ചെയ്യുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മത സ്‍പര്‍ദ്ദ ഉണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. മനപ്പൂർവം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ സംഭവമെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുക. കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ വിശദീകരണം. പരിപാടിയിൽ പങ്കെടുത്തവർക്കായുള്ള മുദ്രാവാക്യം സംഘാടകർ നേരത്തേതന്നെ നൽകിയിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും തിരുത്തൽ നടപടി സ്വീകരിക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് പ്രതികരിച്ചു.

Related Articles

Back to top button