പോക്കറ്റിൽ സ്വര്‍ണാഭരണങ്ങള്‍ കണ്ടു..കുടിപ്പിച്ച് കിടത്തിയിട്ട് അടിച്ചുമാറ്റി..കൊല്ലത്ത് യുവാവ് പിടിയില്‍…

കൊല്ലം കരുനാഗപ്പള്ളിയില്‍ ബാറില്‍ മദ്യപിക്കാനെത്തിയാളുമായി സൗഹൃദം സ്ഥാപിച്ച ശേഷം കബളിപ്പിച്ച് സ്വര്‍ണാഭരണം മോഷ്ടിച്ച യുവാവ് പിടിയില്‍. വള്ളികുന്നം സ്വദേശി രാജീവാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് കരുനാഗപള്ളി അരമത്തുമഠത്തിലുള്ള ബാറില്‍ 52 കാരനായ ഡേവിഡ് ചാക്കോ എത്തിയത്.മദ്യം വാങ്ങാൻ പോക്കറ്റിൽ നിന്നും പണം എടുക്കുന്നതിനിടയിൽ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ അടങ്ങിയ പൊതി രാജീവിൻ്റെ ശ്രദ്ധയിൽപ്പെട്ടു.

തുടർന്ന് ആഭരണം എങ്ങനെയും കൈക്കലാക്കണമെന്ന് പദ്ധതിയിട്ട രാജീവ്, ഡേവിഡ് ചാക്കോയുമായി സൗഹൃദം സ്ഥാപിച്ച ശേഷം കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.രാജീവ് ഡേവിഡിനോട് സൗഹൃദം സ്ഥാപിച്ച് കൂടുതൽ മദ്യം വാങ്ങി നല്‍കി അബോധാവസ്ഥയിലാക്കി. തുടർന്ന് വീണ്ടും മദ്യം വാങ്ങുന്നതിനായി ഡേവിഡിന്‍റെ പോക്കറ്റില്‍ നിന്ന് പണം എടുക്കുകയാണെന്ന വ്യാജേന ആഭരണങ്ങൾ അടങ്ങിയ പൊതി മോഷ്ടിച്ചു. ശേഷം ബാറിൽ നിന്ന് കടന്നുകളയുകയായിരുന്നു.

ഡേവിഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി. ബാറിലെയും സമീപത്തെയും സി. സി. ടി. വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജീവിനെ പിടികൂടിയത്. ഇയാൾ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Related Articles

Back to top button