പൊലീസ് ലാത്തിചാർജ്ജിൽ ഗുരുതര പരിക്ക്.. നഷ്ടപരിഹാരം വേണം… മേഘ രഞ്ജിത്ത് ഹൈക്കോടതിയിൽ….

എറണാകുളം: യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ ഗുരുതര പരുക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവ് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിഷേധക്കാർക്കിടയിൽ നിന്ന് മാറി നിൽക്കുമ്പോഴാണ് പൊലീസ് ക്രൂരമായി മർദിച്ചതെന്നും, തലക്കും കഴുത്തിനും ഗുരുതര പരുക്കേറ്റെന്നും മേഘയുടെ ഹർജിയിൽ പറയുന്നു. സാഹചര്യം സാധാരണ നിലയിലെത്തിയിട്ടും മർദ്ദനം തുടർന്ന ആലപ്പുഴ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം അമിത അധികാരമാണ് പ്രയോഗിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഈ രീതിയിൽ മർദ്ദിച്ചത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജിയിൽ ജസ്റ്റിസ് ടി.ആർ.രവി സർക്കാരിന്‍റെ നിലപാട് തേടി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിനെ തുടർന്നുള്ള പ്രതിഷേധത്തിനിടെയാണ് മേഘയുൾപ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റത്.

Related Articles

Back to top button