പൊന്നിൽ കുളിച്ച് ഭഗവതി…. മനംനിറഞ്ഞ് ഭക്തർ….
മാവേലിക്കര: സർവാഭരണ വിഭൂഷിതയായ ഭഗവതി പൊന്നിൽ കുളിച്ച് കണ്മുന്നിൽ. ഒരു നിമിഷത്തെ ദർശനത്താൽ പോലും ഭക്തഹൃദയങ്ങൾ നിറഞ്ഞു തുളുമ്പുകയായിരുന്നു. അത്യപൂർവവും പുരാതനവുമായ തിരുവാഭരണങ്ങളിയിച്ചാണ് ഭഗവതിയെ കാർത്തിക ദർശനത്തിനൊരുക്കിയത്. വർഷത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഈ പുണ്യ ദർശനത്തിനായി മീനത്തിലെ കാർത്തികനാളായിരുന്ന ഇന്ന് രാവിലെ മുതൽ ഭക്തർ ചെട്ടികുളങ്ങര സന്നിധിയിലേക്ക് ഒഴുകുകയായിരുന്നു. പകൽ മുഴുവൻ കത്തുന്ന മീന വെയിലും വൈകുന്നേരം വേനൽ മഴയും അവഗണിച്ചാണ് ഭക്തർ ദേവീയുടെ പുണ്യദർശനത്തിനായി കാത്തുനിന്നത്.
തങ്കത്തിരുമുഖം, നാഗപത്തി കിരീടം, ഇളക്കത്താലി, നാഗഫണ മാല, കൂട്ടത്താലി, മുല്ലമൊട്ടുമാല, പിച്ചിമൊട്ടുമാല, പാലയ്ക്കാമാല, കാശുമാല, വളകൾ,നവരത്നങ്ങൾ പതിച്ച വലംപിരി ശംഖ്… തുടങ്ങിയ തിരുവാഭരണങ്ങളാണ് പ്രധാനമായും ഭഗവതിയെ അണിയിച്ചത്. ഇവയ്‌ക്കൊപ്പം ചെറുതും വലുതുമായ പലവിധ ആഭരണങ്ങളുമുണ്ടായിരുന്നു. മിക്കതും വിലമതിക്കാനാകാത്ത തരത്തിലെ പൗരാണിക മൂല്യമുള്ളവയാണ്.
മാതൃസ്ഥാനീയയായ കൊടുങ്ങല്ലൂർ ഭഗവതിയുടെ സന്നിധിയിൽ നിന്ന് ചെട്ടികുളങ്ങര ഭഗവതി മടങ്ങിയെത്തുന്ന മീനത്തിലെ കാർത്തിക നാൾ ചെട്ടികുളങ്ങരയിൽ അതിപ്രധാനമാണ്. രാജഭരണകാലത്ത് നടയ്ക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ള തിരുവാഭരണങ്ങളണിയിച്ചാണ് ഈ ദിവസം ദേവിയെ ഒരുക്കുന്നത്. ഏറെ പഴക്കമുള്ള ആചാരം ഇടക്കാലത്ത് നിലച്ചുപോയി. ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ട്രസ്റ്റിന്റെ അഭ്യർഥന പ്രകാരമാണ് അടുത്തിടെ ഇത് പുനരാരംഭിച്ചത്.
ഇന്ന് രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ കാർത്തിക ദർശനം വൈകീട്ട് ആറര വരെ തുടർന്നു. വൈകീട്ട് നടഅടച്ചിട്ടും ഭക്തർ ദേവീ ദർശത്തിനായി കാത്തു നിൽക്കുകയായിരുന്നു. ചെട്ടികുളങ്ങരയിലെ തിരുവാഭരണങ്ങൾ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിച്ചിരുന്നത്.
ചെട്ടികുളങ്ങര കിഴക്കേ നടയിലെ എതിരേൽപ്പ് മണ്ഡപത്തിലെത്തിച്ച തിരുവാഭരണ പേടകങ്ങൾ രാവിലെ 13 കരക്കാരും ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ഭാരവാഹികളും ദേവസ്വം ബോർഡ് പ്രതിനിധികളും ചേർന്ന് പഞ്ചവാദ്യത്തിന്റെയും ക്ഷേത്ര മേളത്തിന്റെയും അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലേക്ക് ആനയിച്ചു. തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യാകാർമികത്വത്തിൽ തിരുവാഭരണങ്ങൾ ചാർത്തി. ഉച്ചക്ക് പ്രശസ്ത പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേത്യത്യത്തിൽ തയ്യാറാക്കിയ അന്നദാനവും ഉണ്ടായിരുന്നു.