പൊതുദർശന ഹാളിൽ നാടകീയ രംഗങ്ങൾ..മൃതദേഹത്തിൽ കിടന്ന മകളെ ബലംപ്രയോഗിച്ച് നീക്കി… മൃതദേഹം പുറത്തേക്കെടുത്തു..
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കുന്ന ടൗൺഹാളിൽ നാടകീയ രംഗങ്ങൾ. ലോറൻസിന്റ മകൾ ആശ മൃതദേഹത്തിന്റെ അരികിൽ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാൻ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവർത്തകർ മുദ്രാവാക്യം വിളി തുടർന്നു. മകളും വനിതാ പ്രവർത്തകരും തമ്മിൽ ചെറിയ രീതിയിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ, മകളുടെ മകനും രംഗത്തെത്തിയതോടെ വളണ്ടിയർമാരുമായി ഉന്തും തള്ളുമുണ്ടായി. മൃതദേഹം പുറത്തേക്കെടുക്കാൻ ഇരുവരും തടസ്സം നിന്നു. തുടർന്ന് മകളേയും മകനേയും ബലം പ്രയോഗിച്ച് മാറ്റിയതോടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്. ബന്ധുക്കളെത്തിയാണ് ഇരുവരേയും മാറ്റിയത്. നിലവിൽ ടൗൺഹാളിൽ നാടകീയ രംഗങ്ങൾ തുടരുകയാണ്.
എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നത് വരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. ഹര്‍ജിയില്‍ അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോറൻസിന്റെ മൃതദേഹം നാല് മണിക്ക് തന്നെ മെഡിക്കൽ കോളേജിന് കൈമാറും.




