പേരുപോലെ അത്ര ഹരിതമല്ല ഇവരുടെ ജീവിതം…

തിരുവനന്തപുരം: കേരളത്തിലെ ഖരമാലിന്യ സംസ്കരണരംഗത്ത് കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ വന്ന പുതിയൊരു തുടക്കമാണ് ഹരിത കർമ്മസേന. പക്ഷേ, പേരുപോലെ ഹരിതമല്ല ഇവരുടെ ജീവിതം. സമൂഹത്തിൽ ചിലരെങ്കിലും ഹരിത കർമ്മസേന അഗങ്ങളെ അകറ്റിനിർത്തുന്നവരാണ്. മാലിന്യം പെറുന്നുന്ന പെൺപടയെന്ന് പരിഹസിക്കുന്നവരാണ്. പക്ഷേ, ഈ കൂട്ടർ ഇതിനോടകം തന്നെ നമ്മുടെ മാലിന്യ സംസ്കരണ മേഖലയുടെ നട്ടെല്ലായി മാറിയിരിക്കുന്നു എന്നത് യാഥാർത്യമാണ്.

മാറണം, നമ്മുടെ മനോഭാവവും ശീലങ്ങളും. ‘വീട്ടിലെ പ്ലാസ്റ്റിക്കും കൊടുക്കണം പൈസയും കൊടുക്കണോ?’ ഇതാണ് പലരുടെയും സംശയം. ഹരിത കർമ്മസേന വരുന്നത് കാണുമ്പോൾ വാതിൽ പൂട്ടി അകത്തിരിക്കുന്നവരുടെ എണ്ണവും കുറവല്ല. അവരോടുള്ള നീരസം തീർക്കാൻ എന്ന രീതിയിൽ പ്ലാസ്റ്റിക്കിനൊപ്പം സാനിറ്ററി പാഡുകളും മറ്റും കൂട്ടിക്കലർത്തി കൊടുക്കുന്നവരുമുണ്ട് നമുക്കിടയിൽ.

വീടുകളിൽ നിന്ന് പ്രതിമാസം 50 രൂപയും, സ്ഥാപനങ്ങളിൽ നിന്ന് 100 രുപയുമാണ് ഹരിതകർമ്മ സേന യൂസർ ഫീയായി വാങ്ങുന്നത്. ഇതിൽ നിന്നാണ് മാലിന്യം കൊണ്ടു പോകുന്ന വാഹനക്കൂലി കൊടുക്കുന്നത്. ശേഷിക്കുന്ന പണമാണ് രണ്ടു പേരടങ്ങുന്ന ഒരു ടീം വീതിച്ചെടുക്കുന്നത്. പരിഹാസങ്ങളും മുഖം ചുളിക്കലും വകവയ്ക്കാതെ ഒരു മാസം ചവർ വാരിയ ശമ്പളം വീതിച്ചെടുക്കുമ്പോൾ ഒരാളിന് അയ്യായിരത്തിൽ താഴെ മാത്രം.

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട വാതിൽപ്പടി സേവനം നൽകുന്ന സംരംഭമാണ് ഹരിത കർമ്മസേന. ഒരു വാർഡിൽ രണ്ട് ഹരിത കർമ്മ സേനാംഗങ്ങളെ വീതമാണ് നിയോഗിച്ചിട്ടുള്ളത്. ഹരിത കേരളം മിഷന്റെ കണക്ക് പ്രകാരം 938 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 28,632ൽപ്പരം ഹരിത കർമ്മ സേനാംഗങ്ങൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ വീട്ടുമുറ്റത്തെത്തി നമ്മുടെ മാലിന്യം നീക്കം ചെയ്യുന്നവരോട് ഒരൽപം സ്നേഹം നൽകാൻ മനസുണ്ടാവണം. അവരത് ആഗ്രഹിക്കുന്നുണ്ട്. ഓരോ തവണയും നാം അവരെ ആട്ടിയിറക്കി വിടുമ്പോൾ, പുച്ഛിക്കുമ്പോൾ ഓർമ്മിക്കണം, ഇവരില്ലെങ്കിൽ എവിടെ കളയും നമ്മുടെ മാലിന്യങ്ങളെന്ന്.

Related Articles

Back to top button