പേരും ലോഗോയും ദുരുപയോഗം ചെയ്യുന്നു….. തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി ജിയോജിത്….

കൊച്ചി: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത്. ജിയോജിത്/ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വിസസ് ലിമിറ്റഡ് എന്നീ പേരുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.  ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഐപിഒ മുതലായ നിക്ഷേപങ്ങളില്‍ നിന്നും വന്‍ നേട്ടം വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്നവര്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി ജിയോജിതിന്റെ പേരുകളും ലോഗോയും ദുരുപയോഗം ചെയ്യുന്നതായാണ് റിപ്പോർട്ട്. ഇത്തരം തട്ടിപ്പിലൂടെ നിരവധിപ്പേര്‍ക്ക് വന്‍ തുക നഷ്ടമായതായി റിപ്പോര്‍ട്ടുണ്ട്.  ഇത് സംബന്ധിച്ച് ജിയോജിത് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതികള്‍ നല്‍കി.  ഉപഭോക്താക്കളുടെ വിശ്വാസം സംരക്ഷിക്കുന്നതിനാണ് ജിയോജിത് ഏറ്റവും അധികം മുന്‍ഗണന നല്‍കുന്നതെന്ന് ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ. ബാലകൃഷ്ണന്‍ പറഞ്ഞു. സാമ്പത്തിക നിക്ഷേപ തട്ടിപ്പുകള്‍ക്കെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. സമഗ്രമായ സാമ്പത്തിക സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമെന്ന നിലയ്ക്ക്, സുതാര്യതയ്ക്കും നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം സംരക്ഷിക്കുന്നതിനും ജിയോജിത് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളും നിക്ഷേപകരും ഇത്തരം തട്ടിപ്പുകളെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും ജിയോജിത് അറിയിച്ചു. ജിയോജിത് വാഗ്ദാനം ചെയ്യുന്ന എല്ലാ നിക്ഷേപ സേവനങ്ങളും സെബിയുടെ നിയമമനുസരിച്ചാണ്. തട്ടിപ്പുകള്‍ തടയുന്നതിനും നിക്ഷേപകർക്ക് സുരക്ഷിതമായ നിക്ഷേപ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ജിയോജിത് അറിയിച്ചു. 

Related Articles

Back to top button