പേരാമ്പ്ര കൊലപാതകം.. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ അറസ്റ്റിൽ…
കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റിൽ. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ സ്വർണ്ണം വിറ്റ 1,43000 രൂപ മുജീബ് റൗഫീനക്ക് നൽകിയിരുന്നു. ഈ പണം ഉപയോഗിച്ച് വാഹനം വാങ്ങാനും ഇരുവരും ശ്രമിച്ചു. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ റൗഫീന പണം കൂട്ടുകാരിയുടെ കയ്യിൽ ഏൽപ്പിക്കുകയും പിന്നീട് ഈ പണം പൊലീസ് കണ്ടെടുക്കുകയും ചെയ്തു. മുജീബ് അനുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് റൗഫീനക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ നിര്‍ണായക തെളിവുകൾ തേടി പ്രതി മുജീബിന്റെ വീട്ടിൽ പൊലീസെത്തും മുൻപ് തെളിവ് നശിപ്പിക്കാൻ ഭാര്യ റൗഫീന ശ്രമിച്ചതായി നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. കൊല നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ തേടിയാണ് മുജീബ് റഹ്മാന്റെ വീട്ടിൽ പൊലീസെത്തിയത്. ഈ വസ്ത്രങ്ങൾ പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് പറഞ്ഞു. എന്നാൽ പൊലീസ് എത്തിയ വിവരമറിഞ്ഞ് പ്രതിയുടെ ഭാര്യ ചില സാധനങ്ങൾ കത്തിക്കാൻ ശ്രമിച്ചുവെന്നും ഇത് തടഞ്ഞു പരിശോധിച്ചപ്പോഴാണ് കൊല നടത്തിയ സമയത്ത് ധരിച്ച വസ്ത്രങ്ങൾ കണ്ടെടുത്തതെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരുന്നത്. ഇത്തരത്തില്‍ കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ചതിനാണ് റൗഫീനയെ പൊലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.