പെരുമഴയത്ത് ഒരു അതിഥിയെത്തി….
മഴക്കാലത്ത് മാളങ്ങളിൽ ഒളിച്ചിരിക്കുന്ന ഇഴജന്തുക്കൾ പുറത്തിറങ്ങുക പതിവാണ്. വെള്ളപ്പൊക്കത്തിലും മറ്റും ഇവ വീടുകളിലേക്ക് ഒഴുകിയെത്തുകയും അവിടെ ഒളിച്ചിരിക്കുകയും ചെയ്യുന്നു. വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നവർക്ക് പാമ്പുകൾ ഉൾപ്പെടെയുളള ഇഴജന്തുക്കളാണ് ഏറ്റവും അധികം ഭീഷണിയാകുന്നത്. എന്നാൽ ഇത്തവണത്തെ മഴയത്ത് ഒഴുകിയെത്തിയത് പാമ്പല്ല പകരം ഒരു ഭീമൻ മുതലയാണ്. മദ്ധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. ബസ് സ്റ്റാന്റിന് സമീപത്തുള്ള കോളനിയിലാണ് എട്ടടി നീളമുളള ഭീമൻ മുതലയെ കണ്ടെത്തിയത്. തെരുവിലെ വെള്ളത്തിലൂടെ ഒഴുകി നീങ്ങുന്ന മുതലയെ കണ്ട് ആളുകൾ പേടിച്ചോടി. മാധവ് നാഷണൽ പാർക്കിൽ നിന്നുള്ള റെസ്ക്യൂ ടീം എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മുതലയെ പിടികൂടിയത്. തുടർന്ന് ഇതിനെ സഖ്യ സാഗർ തടാകത്തിൽ കൊണ്ടുപോയി തുറന്നുവിടുകയായിരുന്നു.