പൂജാരിയെ കോവിലിൽ കയറി കസ്റ്റഡിയിലെടുത്തെന്ന് പരാതി.. അന്വേഷണത്തിന് ഉത്തരവിട്ട് കമ്മീഷ്ണർ…

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിലിൽ കയറി പൂജാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയിൽ സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. പൂജാരിയെ കസ്റ്റഡിയിലെടുത്തതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് എസിപിക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ നിന്ന് പോറ്റി അരുണിനെ പൂജയ്ക്കിടെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് പരാതി.

പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണക്കേസിൽ ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് പൂജാരിയെ കസ്റ്റഡിയിലെടുത്തത്. ഈ ക്ഷേത്രത്തിലെ മുൻ പൂജാരിയായിരുന്നു അരുൺ. ഇതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ സ്റ്റേഷനിൽ ഹാജരായി വിവരങ്ങൾ നൽകാൻ പൊലീസ് അറിയിച്ചിരുന്നു. എന്നാൽ അരുൺ എത്തുന്നതിനായി കാത്തുനിൽക്കാതെ ഇന്നലെ വൈകിട്ടോടെ കോവിലിൽ നിന്ന് കസ്റ്റഡിയിൽ എടുത്തെന്നാണ് ആരോപണം. പരാതി ഉയർന്നതിന് പിന്നാലെ രാത്രി 8 മണിയോടെ അരുണിനെ തിരികെ കൊണ്ടുവിട്ടു. പൊലീസ് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി അരുൺ പോറ്റിയും കോവിൽ ട്രസ്റ്റ് ഭാരവാഹികളും ഫോർട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. ഫോർട്ട് എസിപിയെ നേരിൽ കണ്ടാണ് പരാതി നൽകിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button