പുഴയിൽ തിരച്ചിൽ തുടങ്ങി ഈശ്വർ മാൽപെ..മാധ്യമങ്ങളെ വിലക്കി പൊലീസ്..ഷിരൂരില്‍ നാടകീയ രംഗങ്ങള്‍…
മലയാളി ഡ്രൈവർ അർജുനെ കാണാതായ ഗംഗാവാലി പുഴയിൽ ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ തിരച്ചിൽ തുടങ്ങി. പുഴയിൽ ഇറങ്ങാനുള്ള ജില്ല ഭരണകൂടത്തിന്‍റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് മാൽപെ പുഴയിലിറങ്ങിയത്. നാവികസേനയുടെ ഡൈവിങ് സംഘവും തിരച്ചിൽ നടത്തും. തിരച്ചിലിനായി 25 അംഗ സംസ്ഥാന ദുരന്ത നിവാരണസേനയും ഷിരൂരിലെത്തിയിട്ടുണ്ട്. നിരീക്ഷണത്തിനായി കരസേനയുടെ ഹെലികോപ്റ്ററും ഉപയോഗിക്കും.
അതേസമയം തിരച്ചില്‍ നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ വിലക്കി പൊലീസ്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വീഡിയോ ജേണലിസ്റ്റുകളെയും പൊലീസ് പ്രദേശത്ത് നിന്നും നീക്കി ബാരിക്കേടുകള്‍ സ്ഥാപിച്ചു.പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കാതെയാണ് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്ത വഴിയില്‍ നിന്നാണ് മാധ്യമങ്ങളെ നീക്കുന്നത്. ഒന്നരമണിക്കൂറോളമായി മാധ്യമ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ പകര്‍ത്തിയ പ്രദേശത്താണ് തിരച്ചില്‍ ആരംഭിച്ചതോടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.കൂടാതെ അര്‍ജുന്റെ ബന്ധു ജിതിനെയും പ്രദേശത്ത് നിന്നും നീക്കിയതായും റിപോർട്ടുണ്ട്.
അതേസമയം ഈശ്വര്‍മാല്‍പെയുടെ പ്രവര്‍ത്തനത്തിന് തടസ്സം വരുന്നതിനാലാണ് മാധ്യമങ്ങളെ വിലക്കിയതെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.