പുരാവസ്തു തട്ടിപ്പ് കേസ്.. അന്വേഷണ സംഘത്തിനെതിരെ പരാതിക്കാരൻ…
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ മോണ്സണ് മാവുങ്കല്‍ ഒന്നാം പ്രതിയും കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ രണ്ടാം പ്രതിയുമാക്കി ആദ്യഘട്ട കുറ്റപത്രം വന്നതിന് പിന്നാലെ അന്വേഷണ സംഘത്തിന് എതിരെ പരാതിക്കാരൻ. അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും ഇപ്പോള്‍ സുധാകരന് എതിരായി വന്നിരിക്കുന്ന കുറ്റപത്രം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടിട്ടുള്ളതാണെന്നും പരാതിക്കാരനായ ഷമീര്‍ ആരോപിച്ചു. തങ്ങൾക്ക് നഷ്ടമായ പണം കണ്ടെത്താൻ ഒന്നും ചെയ്യുന്നില്ല. നീതി കിട്ടും എന്ന് തോന്നുന്നില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കം നിരവധി പേര് മോൺസൺ മാവുങ്കലിന്റെ തട്ടിപ്പിൽ കൂട്ട് നിന്നിട്ടുണ്ടെന്നും ഷമീർ പറഞ്ഞു.പുരാവസ്തു തട്ടിപ്പ് കേസില്‍ കെ സുധാകരനെ പ്രതി ചേര്‍ത്തുകൊണ്ടുള്ള ആദ്യഘട്ട കുറ്റപത്രം അല്പം മുമ്പാണ് ക്രൈംബ്രാഞ്ച് സംഘം എറണാകുളം എസിജെഎം കോടതിയിൽ സമര്‍പ്പിച്ചത്. മോണ്സണ് മാവുങ്കല്‍ വ്യാജ ഡോക്ടറാണെന്ന് അറിയാമായിരുന്നിട്ടും കെ സുധാകരൻ ഇത് മറച്ചുവയ്ക്കാൻ ശ്രമിച്ചു, മോണ്‍സന്റെ വീട്ടിലുണ്ടായിരുന്ന വ്യാജ പുരാവസ്തുക്കള്‍ യഥാര്‍ത്ഥത്തിലുള്ളതാണെന്ന നിലയില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണത്തിന് കൂട്ടുനിന്നു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തി 420, 120 ബി പ്രകാരം ഉള്ള വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.