പുനർവിവാഹം വാഗ്ദാനം ചെയ്ത് ഡോക്ടറുടെ പക്കൽനിന്നും നവവധു തട്ടിയത് ലക്ഷങ്ങൾ…..
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വിരമിച്ച വിവാഹമോചിതനായ ഡോക്ടറെ കബളിപ്പിച്ച് യുവതിയും സംഘവും ലക്ഷങ്ങൾ തട്ടിയെടുത്തു. കോഴിക്കോട് സ്വദേശിയായ ഡോക്ടറാണ് കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശികളുടെ തട്ടിപ്പിനിരയായത്. കോഴിക്കോട് നഗരത്തിലെ ഹോട്ടൽ മുറിയിൽ വച്ച് വിവാഹ ചടങ്ങ് നടത്തിയ ശേഷമാണ് വധു ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം കടന്നു കളഞ്ഞത്. പരാതിയിൽ നടക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു.
5.2 ലക്ഷം രൂപയും ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുമാണ് യുവതിയും സംഘവും അടിച്ചെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വിരമിച്ച ഡോക്ടര്‍ വിവാഹമോചിതനായ ശേഷം പുനര്‍വിവാഹത്തിന് പത്രപ്പരസ്യം നല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് യുവതി ഡോക്ടറെ ഫോണിൽ ബന്ധപ്പെടുന്നത്. പിന്നീട് യുവതി ഉള്‍പ്പെടെ നാലംഗ സംഘം കോഴിക്കോട്ടെത്തി ഡോക്ടറെ കാണുകയായിരുന്നു. യുവതിയെ കണ്ട് ഇഷ്ടമായ ഡോക്ടര്‍ വിവാഹത്തിന് സമ്മതം നല്‍കി .കഴിഞ്ഞദിവസം കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്ത ശേഷം വിവാഹ ചടങ്ങുകൾ നടത്തി. യുവതിയുടെ ബന്ധുക്കൾ എന്ന് പരിചയപ്പെടുത്തിയ ചിലരും ചടങ്ങിൽ പങ്കെടുത്തു.
നവദമ്പതികൾക്ക് ഒന്നിച്ചു താമസിക്കുവാനായി വാടക വീട് തരപ്പെടുത്തണമെന്ന് പറഞ്ഞു. ഇതിനായി സംഘം 5 ലക്ഷം രൂപ ഡോക്ടറിൽ നിന്നും കൈവശപ്പെടുത്തുകയായിരുന്നു. കൂടാതെ മൊബൈൽ ഫോണും ലാപ്ടോപ്പും അടങ്ങുന്ന ബാഗും സംഘം കൈക്കലാക്കി. പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആക്കിയശേഷം സംഘം കടന്നു കളയുകയായിരുന്നു. ഹോട്ടലിലെ ഉൾപ്പെടെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.