പുതിയ റോഡിൻ്റെ നിർമാണം…ദൈനംദിന ജീവിതം ദുരിതത്തിലായി…വീടും കിണറും റോഡിൻറെ ഇരുവശങ്ങളിൽ …ഒടുവിൽ…
തിരുവല്ല: പുരയിടത്തെ രണ്ടായി മുറിച്ച് നിര്‍മിക്കുന്ന റോഡ് മാറ്റി നിർമ്മിക്കാൻ നിർദ്ദേശിച്ച് മന്ത്രി എംബി രാജേഷ്. തന്റെ ആകെയുള്ള നാല് സെന്റ് പുരയിടത്തിനെ രണ്ടായി നെടുകെ മുറിച്ചു കടന്നു പോകുന്ന മുനിസിപ്പാലിറ്റി റോഡ് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റി നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവല്ല സ്വദേശി അമ്മിണി ഗോപാലൻ തദ്ദേശ അദാലത്തിലെത്തിയത്.
പുരയിടത്തിൻ്റെ നടുവിലൂടെ റോഡ് കടന്നു പോകുന്നതിനാൽ വീട് റോഡിൻ്റെ ഒരു വശത്തും നിത്യേന വെള്ളമെടുക്കുന്ന കിണറും മറ്റും മറുവശത്തും വന്നതോടെ അമ്മിണിയുടെ ദൈനംദിന ജീവിതം ദുരിതത്തിലായിരുന്നു പരാതിക്കാരിയുടെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി അടിയന്തിരമായി റോഡ് മാറ്റി നിർമ്മിക്കാൻ നഗരസഭയോട് നിർദ്ദേശിച്ചു. ഈ സാമ്പത്തിക വർഷം തന്നെ പണി പൂർത്തിയാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അദാലത്തിലെത്തി ഉടൻ തന്നെ മന്ത്രിയിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചതിൻ്റെ ആഹ്ലാദത്തിലാണ് അമ്മിണി ഗോപാലന്റെ കുടുംബം.