പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും.ഹോക്കി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്.

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ ഹോക്കി ടീമിന് വെങ്കലമെഡിൽ സമ്മാനിച്ച് വിരമിച്ച മലയാളി താരം പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും. ഹോക്കി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. ഇതിഹാസ താരം മറ്റൊരു ഇതിഹാസ തീരുമാനത്തിലേക്ക് നീങ്ങുന്നുവെന്നാണെന്ന് ഹോക്കി ഇന്ത്യ സോഷ്യൽ മീഡിയിൽ കുറിച്ചു.


ഇന്ത്യക്കായി 2006ൽ അരങ്ങേറിയ ശ്രീജേഷ് 336 തവണ ഇന്ത്യൻ കുപ്പായമണിഞ്ഞു. തിരുവനന്തപുരം ജിവി രാജാ സ്‌പോർട്‌സ്‌ സ്‌കൂളിൽനിന്ന്‌ ആരംഭിച്ച ഹോക്കി ജീവിതം ഇന്ന്‌ പാരിസിൽ എത്തിയതിനുപിന്നിൽ കഠിനാധ്വാനവും ആത്മസമർപ്പണവുമുണ്ട്‌.എറണാകുളം കിഴക്കമ്പലത്തുനിന്നെത്തി ഇന്ത്യൻ ഹോക്കിയുടെ തലപ്പത്തെത്തിയ ശ്രീജേഷിന്റെ ജീവിതം ഓരോ കായികതാരത്തിനും പ്രചോദനമാണ്‌. കേരളംപോലെ ഹോക്കിക്ക്‌ വേണ്ടത്ര സ്വാധീനമില്ലാത്ത നാട്ടിൽനിന്നെത്തി രണ്ടുപതിറ്റാണ്ടുകാലം ദേശീയ ടീമിനായി കളിക്കാൻ കഴിഞ്ഞ മറ്റൊരു കളിക്കാരനുമില്ല. ശ്രീജേഷിന്റെ ആദ്യ ഒളിമ്പിക്‌സ്‌ 2012ൽ ലണ്ടനിലാണ്‌. 2016 റിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ക്യാപ്‌റ്റനായി. കഴിഞ്ഞതവണ ടോക്യോയിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു.

Related Articles

Back to top button