പിള്ളേരെ വിട്ടില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ ബോംബ് വെച്ച് തകർക്കും..ഭീഷണിയുമായി ഗുണ്ടാ നേതാവ്…
തന്റെ അനുയായികളെ വിട്ടയച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ ബോംബ് വെക്കുമെന്ന ഭീഷണിയുമായി ഗുണ്ടാ നേതാവ് തീക്കാറ്റ് സാജൻ. തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചായിരുന്നു ഭീഷണി.സാജന്റെ പിറന്നാൾ ആഘോഷത്തിനായി ഇന്നലെ തൃശൂരിൽ ഒത്തുകൂടിയ 32 പേരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ആവേശം സിനിമാ മോഡലിലായിരുന്നു തേക്കിൻകാട് മൈതാനത്ത് സാജന്റെ ബർത്ത്ഡേയ് പാർട്ടി.
പിടിയിലായവരിൽ 16 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ ഇന്നലെ തന്നെ താക്കീത് നൽകിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉൾപ്പെടെ ബാക്കി 16 പേരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തിയാണ് പൊലീസ് പിടികൂടിയത്. പാർട്ടി തുടങ്ങും മുൻപേ പൊലീസ് എത്തിയതോടെ തീക്കാറ്റ് സാജൻ സംഭവ സ്ഥലത്ത് നിന്നും മുങ്ങിയിരുന്നു. ഇന്നലെ ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപത്തായിരുന്നു സംഭവം. സാജൻ കേക്ക് മുറിക്കുന്നതിന്റെ റീലെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശമെന്ന് പിടിയിലായവർ പറഞ്ഞു.എന്നാൽ പദ്ധതി പൊലീസ് പൊളിച്ചു.ഇതിന് പിന്നാലെയാണ് തീക്കാറ്റ് സാജന്റെ ഭീഷണി വിളിയെത്തിയത്.