പിതാവ് മരിച്ചപ്പോൾ തോന്നിയതെന്തോ അതിപ്പോൾ തോന്നുന്നു..വയനാട്ടിലേത് ദേശീയ ദുരന്തമെന്ന് രാഹുൽ ഗാന്ധി…

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്റെ പിതാവ് മരിച്ചപ്പോൾ തനിക്ക് തോന്നിയ അതേ വികാരമാണ് ഇപ്പോൾ തോന്നുന്നതെന്നും വയനാട്ടിലെ കുട്ടികൾക്ക് പലർക്കും പിതാവിനെ മാത്രമല്ല, അവരുടെ മുഴുവൻ കുടുംബത്തേയും നഷ്ടപ്പെട്ടുവെന്നും അവരുടെ വേദന വളരെ വലുതാണെന്നും രാഹുൽ ​ഗാന്ധി വയനാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല. എന്തു പറഞ്ഞ് വയനാട്ടുകാരെ ആശ്വസിപ്പിക്കേണ്ടതെന്ന് അറിയില്ല.ഏറെ ബുദ്ധിമുട്ടേറിയ ദിവസമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യും. അവരുടെ പുനരധിവാസം ഉള്‍പ്പെടെ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ വയനാട്ടിൽ രക്ഷാദൗത്യത്തിന് നേതൃത്വം നൽകുന്നവർക്കും ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കുന്നവർക്കും തന്റെ നന്ദി അറിയിക്കുന്നതായി രാഹുൽ ​ഗാന്ധി പറഞ്ഞു. തന്നെ സംബന്ധിച്ച് വയനാട്ടിൽ നടന്നത് ദേശീയ ദുരന്തം തന്നെയാണ്. കേന്ദ്രസർ‌ക്കാർ ‌എന്ത് തീരുമാനിക്കുന്നുവെന്ന് നോക്കാം. ഈ സമയത്ത് രാഷ്ട്രീയ വിഷയങ്ങൾ‌ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. വയനാട്ടിലെ ജനങ്ങൾക്ക് സഹായം ആവശ്യമാണ്. അതിന് രാജ്യമാകെ ഒപ്പം നിൽക്കുമെന്ന് താൻ കരുതുന്നുവെന്നും രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.

Related Articles

Back to top button