പിതാവിനെ മകൻ വാക്കർ കൊണ്ട് അടിച്ചുകൊന്ന കേസ്.. സ്വാഭാവിക മരണം കൊലപാതകമെന്ന് തെളിഞ്ഞത് സി.ഐയുടെ സംശയത്തിൽ…
അമ്പലപ്പുഴ: പുന്നപ്രയിൽ മരണപ്പെട്ട കിടപ്പു രോഗി സെബാസ്റ്റിൻ്റെ മരണം സ്വാഭാവിക മരണത്തിൽ നിന്നും കൊലപാതകമെന്നു തെളിഞ്ഞത് പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദിൻ്റെ ഉള്ളിലെ സംശയം.
ചൊവ്വാഴ്ച വൈകിട്ട് 6 ഓടെ കട്ടിലിൽ നിന്നും താഴെ വീണ നിലയിലാണ് മൃതദേഹം കണ്ടത്. ഈ സമയം താൻ വീട്ടിൽ ഇല്ലായിരുന്നെന്നാണ് കൊലപാതകം നടത്തിയ മൂത്ത മകൻ സെബിൻ നാട്ടുകാരോടും, പൊലീസിനോടും പറഞ്ഞത്.
എൻ.ഒ.സിയും സംഘടിപ്പിച്ച് സംസ്ക്കാരത്തിനൊരുങ്ങവെയാണ് സി.ഐ ലൈസാദ് മുഹമ്മദ് വീട്ടിലെത്തിയത്. ദേഹപരിശോധനയിൽ മൃതദേഹത്തിൻ്റെ പുറത്തും, ഇടതുകണ്ണിൻ്റെ മുകളിലും കാണപ്പെട്ട പാടുകൾ സംശയത്തിനിടയാക്കി. പോസ്റ്റുമാർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ബുധനാഴ്ച ഉച്ചയോടെ മൃതദേഹം പോസ്റ്റുമാർട്ടം നടത്തി വൈകിട്ടോടെ സംസ്ക്കാരവും നടത്തി. വ്യാഴാഴ്ച രാവിലെയോടെ പോസ്റ്റുമാർട്ടം നടത്തിയ പൊലീസ് സർജൻ ഡോ.ഹരീഷ് നൽകിയ റിപ്പോർട്ടിൽ തലക്കും, നെഞ്ചത്തും മർദ്ദനമേറ്റിരുന്നെന്ന് പറഞ്ഞിരുന്നു. സെബിനെ സ്റ്റേഷനിൽ വിളിച്ച് കൂടുതൽ ചോദ്യം ചെയ്തപ്പോൾ താൻ വീട്ടിലില്ലായിരുന്നെന്നും, വൈകിട്ട് 6 മണിക്ക് തിരികെ എത്തിയപ്പോഴാണ് താഴെ കിടക്കുന്നതു കണ്ടതെന്നുമാണ് മൊഴി നൽകിയത്.
തുടർന്ന് സെബിൻ്റെ മൊബൈൽ ലൊക്കേഷൻ സൈബർ സെല്ലിനെ കൊണ്ട് പരിശോധിച്ചപ്പോൾ വീട്ടിൽ തന്നെ സെബിൻ ഉണ്ടായിരുന്നതായി തെളിഞ്ഞു. വീണ്ടും പൊലീസ് ചോദ്യം ചെയ്തപ്പോൾ സെബിൻ കുറ്റസമ്മതം നടത്തി. വാക്കർ ഉപയോഗിച്ച് തലക്കടിക്കുകയും, ചവിട്ടുകയും ചെയ്തതായി പൊലീസിനോട് സമ്മതിച്ചു. കിടപ്പു രോഗിയായ പിതാവിനെ നോക്കി മടുത്തതിനാലാണ് അങ്ങനെ ചെയ്തതെന്നും സെബിൻ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് സെബിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.