പാൽ കറക്കുന്നതിനിടെ ഷോക്കേറ്റ് 4 പശുക്കൾ ചത്തു.. ഉടമ…

തൃശൂർ: ചേർപ്പിൽ പാൽ കറക്കുന്നതിനിടെ നാല് പശുക്കൾ ഷോക്കേറ്റ് ചത്തു. ചേർപ്പ് പടിഞ്ഞാട്ടുമുറി പാലം സ്റ്റോപ്പിനു സമീപം വല്ലച്ചിറക്കാരൻ തോമസിന്റെ ഉടമസ്ഥതയിലുള്ള പശുക്കളാണ് ഷോക്കേറ്റ് ചത്തത്. പശുക്കളെ കറന്നുകൊണ്ടിരുന്ന ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടരയോടെ തോമസിന്റെ വീടിന് പിന്നിലുള്ള തൊഴുത്തിലാണ് സംഭവമുണ്ടായത്. തോമസിന്റെ ഏക വരുമാനമാർഗ്ഗമായിരുന്നു ഈ കന്നുകാലികൾ.

മൂന്ന് പശുക്കളെ കറന്ന ശേഷം നാലാമത്തെ പശുവിനെ കറക്കാൻ ശ്രമിക്കുന്നതിനിടെ പശുക്കൾ എല്ലാം ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. കറന്ന പാൽപാത്രം തോമസിന്റെ കയ്യിൽ നിന്ന് തെറിച്ചു വീണു. ഷോക്കേറ്റ് ദേഹം തരിച്ചുവെങ്കിലും തനിക്ക് മറ്റ് പരിക്കുകളെന്നും ഏറ്റില്ലെന്ന് തോമസ് പറഞ്ഞു. പശുക്കളെ കറക്കുകയായിരുന്ന സമയത്ത് തൊഴുത്തിൽ ചാണകവും മൂത്രവും കിടന്ന നിലത്ത് നനവ് ഉണ്ടായിരുന്നു. ഇരുമ്പ് ഷീറ്റ് കൊണ്ട് മേൽക്കൂരയുള്ള തൊഴുത്തിൽ പശുക്കളെ കെട്ടിയ ഭാഗം ഇരുമ്പ് കൊണ്ടാണ് പണിതിട്ടുള്ളത്. മേൽക്കൂരയിൽ സ്ഥാപിച്ച ഫാനിൽ നിന്ന് ഷോർട്ട് സർക്യൂട്ട് മൂലം കറന്റ് ഇവിടേക്ക് പ്രവഹിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മുൻപും ഒരു പശു തൊഴുത്തിൽ സമാന രീതിയിൽ ചത്തിരുന്നു.

Related Articles

Back to top button