പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ വസ്തുതാ വിരുദ്ധമെന്ന് കരമന ഹരി…
പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കരമന ഹരി. പാർട്ടി വിടുമെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്നും തന്റെ വിമർശനങ്ങളിൽ പാർട്ടി വിശദീകരണം തേടിയിട്ടില്ലെന്നും ഹരി പറഞ്ഞു. മുഖ്യമന്ത്രിയുടെ അടുക്കളവരെ കയറുന്ന മുതലാളിമാരുണ്ടെന്ന ഹരിയുടെ ആരോപണം വിവാദമായിമാറിയിരുന്നു . ഇതിന് പിന്നാലെ കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. പിന്നാലെയാണ് ഹരി ബിജെപിയിലേക്കെന്ന വാർത്തകൾ പുറത്തുവന്നത്.
ഇതിനിടെയാണ് വിഷയത്തിൽ പ്രതികരിച്ച് ഹരി രംഗത്തെത്തിയത്.മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നാണ് കരമന ഹരി സിപിഐഎമ്മിലെ സഹപ്രവർത്തകർക്ക് നൽകിയിരിക്കുന്ന ഉറപ്പ്. നഗരത്തിലെ ചില ബിജെപി നേതാക്കളുമായുള്ള സൗഹൃദം ചൂണ്ടിക്കാട്ടിയാണ് ഹരി ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം നടക്കുന്നത്. നാൽപ്പത് കൊല്ലത്തെ തന്റെ രാഷ്ട്രീയം അറിയാത്തവരാണ് പ്രചരണത്തിന് പിന്നിലെന്നാണ് ഹരിയുടെ പ്രതികരണം.