പാസ്പോർട്ട് വേരിഫിക്കേഷനെത്തിയതാണ്… ദൈവദൂതമായി മാറിയതിങ്ങനെ….
കാക്കി കാരുണ്യത്തിൽ ലിസിയമ്മയ്ക്ക് കിട്ടിയത് രണ്ടാം ജന്മം. വാകത്താനം പഞ്ചായത്ത് പത്താം വാർഡിൽ നെടുമറ്റം ഭാഗത്ത് പൊയ്കയിൽ വീട്ടിൽ ലിസിയമ്മ ജോസഫി(70) നാണു പൊലീസ് ഉദ്യോഗസ്ഥൻ രക്ഷകനായി എത്തിയത്. പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫിസർ പ്രദീപാണ് ലിസിയമ്മയ്ക്ക് രക്ഷകനായി മാറിയത്.ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ലിസിയമ്മയുടെ വീട്ടിൽ പാസ്പോർട്ട് വേരിഫിക്കേഷനെത്തിയതായിരുന്നു സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രദീപ്. ഈ സമയം വീട്ടിലെ കസേരയിൽ അസ്വസ്ഥയായിരിക്കുന്ന ലിസിയമ്മയാണ് കണ്ടത്. നെഞ്ചുവേദനയെ തുടർന്ന് വിഷമിക്കുന്ന ലിസിയമ്മയെ കണ്ട പ്രദീപ് തന്റെ ബൈക്ക് അവിടെ വച്ച ശേഷം ലിസിയമ്മയുടെ കാറിൽ അവരെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.ഇവരിപ്പോൾ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്. തക്ക സമയത്ത് ലിസിയമ്മയെ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇവരുടെ എല്ലാ മക്കളും വിദേശത്താണുള്ളത്. കിടപ്പു രോഗിയായ ഭർത്താവ് മാത്രമാണ് ഇവരോടൊപ്പമുള്ളത്. വാകത്താനം പഞ്ചായത്ത് മുൻ 10-ആം വാർഡ് മെമ്പറായിരുന്നു ലിസിയമ്മ ജോസഫ്.