പാരീസ് ഒളിമ്പിക്സ്.. ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് നിരാശ.. യോഗ്യത റൗണ്ടിൽ പുറത്ത്…
പാരിസ്: ഒളിമ്പിക്‌സിലെ ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് നിരാശ. 10 മീറ്റർ എയർറൈഫിൾ മിക്‌സഡ് ഇനത്തിൽ ഇന്ത്യയ്ക്ക് ഫൈനൽ റൗണ്ടിലേക്ക് കടക്കാനായില്ല. ഇന്ത്യക്കായി സന്ദീപ് സിങ്-എളവേണിൽ വളറിവാൻ, അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യങ്ങളാണ് മത്സരിച്ചത്. ഇരു ടീമുകള്‍ക്കും യോഗ്യത റൗണ്ടിൽ നിന്നും കടക്കാനായില്ല.
സന്ദീപ് സിങ്-എളവേണിൽ വളറിവാൻ സഖ്യം 12-ാം സ്ഥാനത്തും അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യം ആറാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ആദ്യ നാലിലെത്തുന്നവരാണ് ഫൈനൽ റൗണ്ടിലേക്ക് മുന്നേറുക. അർജുൻ ബാബുട്ട-രമിത ജിൻഡാൻ സഖ്യം 628.7 പോയന്റും സന്ദീപ് സിങ്-എളവേണിൽ വളറിവാൻ സഖ്യം 626.3 പോയന്റും നേടി.
ഇന്ത്യ ഏറെ പ്രതീക്ഷവെക്കുന്ന വിഭാഗമായ 10 മീറ്റർ എയർപിസ്റ്റൾ പുരുഷവിഭാഗത്തിൽ സരബ്‌ജോത് സിങ്, അർജുൻ ചീമ എന്നിവരും വനിതാവിഭാഗത്തിൽ മനു ഭേക്കർ, റിഥം സാങ്‌വാൻ എന്നിവരും യോഗ്യതാറൗണ്ടിൽ മത്സരത്തിനിറങ്ങും.
മ്യൂണിക് ലോകകപ്പിൽ സ്വർണവും 2023-ലെ ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ വെങ്കലും നേടിയ താരമാണ് സരബ്‌ജോത്. അർജുൻ ഹാങ്ഷു ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിൽ അംഗമാണ്.