പാമ്പ് ആയാൽ എന്താ? എന്നെ കടിച്ചിട്ട് അല്ലേ…
പാമ്പെന്ന് കേട്ടാലേ ഒട്ടുമിക്ക ആളുകളും പേടിച്ച് മാറി നില്ക്കും. പാമ്പിന്റെ കൊത്ത് കിട്ടിയാലുള്ള കാര്യം പിന്നെ പറയുകയും വേണ്ട. എന്നാല്‍ ഒരു രണ്ട് വയസ്സുകാരി തന്നെ കടിച്ച് പാമ്പിനെ തിരിച്ച് കടിച്ചു. അത് മാത്രമല്ല കലി തീരാതെ അതിനെ കടിച്ചു കുടഞ്ഞു.
തുര്‍ക്കിയിലെ കാന്ദാര് ഗ്രാമത്തിലാണ് അവളുടെ വീട്. വീടിന്റെ പുറകിലുള്ള തോട്ടത്തില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു അവള്. പെട്ടന്നാണ് വീട്ടുകാര്‍ അവളുടെ ഉച്ചത്തിലുള്ള നിലവിളി കേള്‍ക്കുന്നത്. അവളുടെ കരച്ചില് കേട്ട് വീട്ടുകാര്‍ മാത്രമല്ല, അയല്‍ക്കാരും ഓടി വന്നു. അവര്‍ ചെന്ന് നോക്കിയപ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു. കുഞ്ഞിന്റെ വായില്‍ ഒരു പാമ്പ്. പല്ലുകള്‍ കൊണ്ട് അതിനെ കടിച്ച് പിടിച്ചിരിക്കയായിരുന്നു അവള്. വായില്‍ നിന്ന് പാമ്പിനെ നീക്കം ചെയ്തു നോക്കുമ്പോള്‍, അവളുടെ ചുണ്ടില്‍ പാമ്പ് കൊത്തിയ പാടും അവര്‍ കണ്ടു. തുടര്‍ന്ന് അയല്‍വാസികള്‍ പാമ്പിനെ അവിടെ ഇട്ട് തല്ലി കൊല്ലുകയായിരുന്നു. പിന്നാലെ കുഞ്ഞിനെ അടുത്തുള്ള ബിംഗോള്‍ മെറ്റേണിറ്റി ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവിടെ അവര്‍ അവള്‍ക്ക് ആന്റി വെനം ഇന്ജെക്ഷന് നല്കി. തുടര്‍ന്ന് 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ വച്ചു. ഇപ്പോള്‍ അവള് സുഖമായിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അപകടകാരിയായ ഒരു അതിഥിയാണ് തന്റെ മുന്നില്‍ എത്തിയതെന്ന് അറിയാനുള്ള വിവരം ഒന്നും അവള്‍ക്കായിട്ടില്ല. പാമ്പിനെ കണ്ടപ്പോള്‍ കൗതുകം തോന്നി കൈയില്‍ എടുത്തിരിക്കാം. അതിനെ എടുത്ത് കളിച്ചു കൊണ്ടിരുന്നപ്പോഴായിരിക്കാം ചുണ്ടില്‍ കൊത്ത് കിട്ടിയത്. വേദന കൊണ്ട് അരിശം വന്ന അവള് തിരിച്ച് അതിനെയും കടിച്ചു. എന്തായാലും ജീവന് ആപത്തൊന്നും സംഭവിച്ചില്ലല്ലോ എന്നാശ്വാസത്തിലാണ് അവളുടെ അച്ഛന് മെഹ്മെത് എര്കാന്. സംഭവം നടക്കുമ്പോള്‍ അദ്ദേഹം ജോലിയ്ക്ക് പോയിരിക്കയായിരുന്നു. ദൈവം കാത്തു എന്നാണ് സംഭവത്തെ കുറിച്ച് അദ്ദേഹത്തിന് പറയാനുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലൊന്നിലാണ് യു എസില്‍ ഒരു വിഷപാമ്പിന്റെ കടിയേറ്റ് ഒരു എട്ട് വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്് കടിയേറ്റ അവന്റെ കൈ നീരുകെട്ടി സാധാരണയില്‍ നിന്ന് അഞ്ചിരട്ടി വീര്‍ത്തു. ബീച്ചിലേക്ക് യാത്ര പോയതായിരുന്നു ജേക്ക് ക്ലോസിയര്‍. യുഎസിലെ നോര്‍ഫോക്കിലുള്ള പ്രശസ്തമായ ഹെംസ്ബി ബീച്ചിലേക്കാണ് അവന് പോയത്. അവിടെ വച്ചാണ് പാമ്പ് കടിയേറ്റത്. അവനോടൊപ്പം അച്ഛന് കെന്നിയും, അമ്മ സോഫിയും ഉണ്ടായിരുന്നു. വിഷമില്ലാത്ത ഒരു പാമ്പാണ് കടിച്ചതെന്നാണ് അവര്‍ ആദ്യം കരുതിയത്. എന്നാല്‍ ജെയ്ക്കിന്റെ കൈയ്ക്ക് വേദന കൂടിയപ്പോള്‍ സംഭവം പ്രശ്നമാണ് എന്നവര്‍ക്ക് മനസ്സിലായി.