പാപ്പനംകോട് തീപിടിത്തം….കൂടുതൽ തെളിവുകള്‍ ശേഖരിച്ച് പൊലീസ്…വൈഷ്ണയെ തീവെച്ചത്….
തിരുവനന്തപുരം: തിരുവനന്തപുരം പാപ്പനംകോടുള്ള സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിന്റെ ഓഫീസിൽ കയറി ജീവനക്കാരിയായ വൈഷ്ണയെ തീവെച്ചത് രണ്ടാം ഭർത്താവായ ബിനുവാണെന്നതിന് കൂടുതൽ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ബിനുവിന്റെ നരുവാമൂടുള്ള വീട്ടിന് സമീപത്ത് നിന്നും ഓട്ടോയിൽ കയറി ഇൻഷുറൻസ് ഓഫീസിന് സമീപം ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. തീവെയ്പ്പിൽ ബിനുവും മരിച്ചിരുന്നു. ബിനുവിന്‍റെ ഡിഎൻഎ സാമ്പിള്‍ പൊലീസ് ശേഖരിച്ചു.
ഫോറൻസിക് പരിശോധനയിൽ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയതോടെ ബിനു തന്നെയാണ് തീവച്ചതെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. ഇന്ന് കൂടുതൽ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ബിനുവിന്റെ നരുവാമൂട്ടിലെ വീട്ടിന് സമീപത്തുനിന്നും ഓട്ടോയിൽ കയറി പാപ്പനം കോടി ഇൻഷുറൻസ് ഓഫീസിന് സമീപത്ത് ഇറങ്ങുന്ന സിസിടിവി പൊലീസിന് ലഭിച്ചു. ഒരു തോള്‍ സഞ്ചിയുമായാണ് വാഹനത്തിൽ നിന്നും ഇറങ്ങുന്നത്. മണ്ണെണ്ണ ഒഴിച്ചാണ് തീവച്ചതെന്നാണ് ഫൊറൻസിക് വിദഗ്ദരുടെ സംശയം.തോൾ സഞ്ചിയിലുണ്ടായിരുന്നത് മണ്ണെണ്ണ ആവാമെന്നാണ് പൊലീസ് പറയുന്നത്. തീവയ്ക്കുന്നതിന് മുമ്പ് ബിനു ഒരു സുഹൃത്തിനെ വിളിച്ച് പറഞ്ഞകാര്യങ്ങളും കേസിൽ നിർണായകമാണ്. പൂർണമായും കത്തി കരിഞ്ഞ മൃതദേഹം ബന്ധുക്കളും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഡിഎൻഎ സാമ്പിള്‍ ശേഖരിച്ചു. വൈഷ്ണയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.