പാനൂരിൽ കൊല്ലപ്പെട്ടവർക്ക് ഇനി എന്നാണ് സ്മാരകം പണിയുന്നതെന്ന് വി.ഡി.സതീശൻ…

തിരുവനന്തപുരം: ബോംബ് നിർമ്മാണത്തിനിടെ 2015 ജൂൺ ആറിന് കൊല്ലപ്പെട്ട രണ്ട് ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിച്ച സിപിഎം നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രക്തസാക്ഷി മണ്ഡപത്തിലൂടെ സിപിഎം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
സമാധാന ജീവിതം ആഗ്രഹിക്കുന്ന കേരളീയരെ ചതിക്കുകയും ഒറ്റുകൊടുക്കുകയുമാണ് സി.പിഎം ചെയ്യുന്നത്. എല്ലാത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളേയും പ്രോത്സാഹിപ്പിക്കുകയും ഒത്താശ ചെയ്യുകയും ചെയ്യുന്ന മാഫിയ സംഘമായി സിപിഎം അധഃപതിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ കൊല്ലുതിന് വേണ്ടി ബോംബ് നിർമ്മാണത്തിന് പോലും അനുമതി നൽകുന്ന പാർട്ടിയാണ് സിപിഎം. സമൂഹത്തിന് തന്നെ ഭീഷണിയായ അത്തരം കൊടും ക്രിമിനലുകളെ പിന്നീട് സംരക്ഷിക്കുകയും ചെയ്യുമെന്നതാണ് ചരിത്രം.

സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തുകയും അത്തരം പ്രവർത്തനങ്ങളെ ന്യായികരിക്കുകയും ചെയ്യുന്ന നേതാക്കൾക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം. ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ക്രിമിനലുകളെ രക്തസാക്ഷികളാക്കി വാഴിക്കുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുത്താൽ അദ്ദേഹത്തിനെതിരേയും കേസെടുക്കണം.

ഒരു മാസം മുൻപ് പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് ഇനി എന്നാണ് സ്മാരകം നിർമ്മിക്കുന്നത്. കൊല്ലുന്നതും കൊല്ലിക്കുന്നതുമായ രാഷ്ട്രിയം കേരളത്തിന് ആവശ്യമില്ല. നിയമ സംവിധാനത്തെയാകെ വെല്ലുവിളിക്കുന്ന ഇത്തരം രീതികളെ എതിർക്കുകയാണ് വേണ്ടത്. ഭാവി തലമുറയ പോലും വഞ്ചിക്കുന്ന കാലഹരണപ്പെട്ട സമീപനം തിരുത്താൻ സിപിഎം ഇനിയെങ്കിലും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button