പാടത്ത് മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ‌ കൂടുതൽ വിവരങ്ങൾ പുറത്ത്…

തൃശ്ശൂർ: കുറ്റുമുക്ക് പാടത്ത് മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ‌ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറിടിച്ച് മരിച്ചയാളുടെ മൃതദേഹം പാടത്ത് തള്ളിയതാണെന്ന് പൊലീസ് കണ്ടെത്തി. പാലക്കാട് സ്വദേശി രവി (55)യുടെ മൃതദേഹമാണ് കഴിഞ്ഞ ഞായറാഴ്ച്ച പാടത്ത് കിടക്കുന്നതായി കണ്ടത്. സംഭവത്തിൽ കാറുടമയായ തൃശൂരിലെ സ്വർണ വ്യാപാരി വിശാൽ (40) അറസ്റ്റിലായിട്ടുണ്ട്.

സ്വർണ വ്യാപാരിയുടെ വീടിന് മുമ്പിൽ മദ്യലഹരിയിൽ കിടക്കുകയായിരുന്നു രവി. കാർ വീട്ടിലേക്ക് എടുത്തപ്പോൾ രവിയുടെ ശരീരത്ത് കയറി അപകടമുണ്ടാകുകയായിരുന്നു. മൃതദേഹം ഒളിപ്പിക്കാൻ വേണ്ടി പാടത്ത് തള്ളുകയായിരുന്നു. വിശാലിനെതിരെ തെളിവ് നശിപ്പിച്ചതിനും മനപൂർവ്വമല്ലാത്ത നരഹത്യക്കുമാണ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച്ച നടക്കാനിറങ്ങിയ ആളുകളാണ് കുറ്റുമുക്ക് പാടത്ത് മൃതദേഹം കിടക്കുന്നതായി കണ്ടതും പൊലീസിൽ വിവരമറിയിച്ചതും. മൃതദേഹത്തിന്റെ ഇടുപ്പിന് സമീപം മാംസം അടർന്നുപോയതായി കാണപ്പെട്ടിരുന്നു. കുത്തേറ്റു മരിച്ചു എന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. സംഭവത്തിൽ പൊലീസ് നടത്തിയ വിശ​ദ പരിശോധനക്കൊടുവിലാണ് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Related Articles

Back to top button