പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ എന്നറിയപ്പെടും..സർക്കാർ തീരുമാനം….
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തദ്ദേശീയ പശുക്കൾക്ക് ‘രാജ്യമാതാ- ഗോമാതാ’ എന്ന പദവി നൽകി മഹാരാഷ്ട്ര സർക്കാർ.ബിജെപി- ഷിൻഡെ ശിവസേന- എൻസിപി (അജിത് പവാർ) സഖ്യ സർക്കാറിന്റേതാണ് ഉത്തരവ്.മനുഷ്യനുള്ള പോഷകാഹാരത്തിൽ നാടൻ പശുവിൻപാലിൻ്റെ പ്രാധാന്യം, ആയുർവേദ, പഞ്ചഗവ്യ ചികിത്സ, ജൈവകൃഷിയിൽ പശുച്ചാണകത്തിന്റെ ഉപയോഗം എന്നിവയാണ് തീരുമാനത്തിനു പിന്നിലെ മറ്റ് ഘടകങ്ങളെന്ന് സംസ്ഥാന കൃഷി- ക്ഷീരവികസന- മൃഗസംരക്ഷണ- മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഗോശാലകളിൽ നാടൻ പശുക്കളെ പരിപാലിക്കാൻ പ്രതിദിനം 50 രൂപ നൽകുന്ന സബ്‌സിഡി പദ്ധതി അവതരിപ്പിക്കാനും തീരുമാനിച്ചു. കുറഞ്ഞ വരുമാനമുള്ള ഗോശാലകളെ സഹായിക്കാനാണ് ഈ നീക്കം.
നാടൻ പശുക്കൾ കർഷകർക്ക് അനുഗ്രഹമാണ്. അതിനാൽ, അവയ്ക്ക് ‘രാജ്യ മാതാ’ പദവി നൽകാൻ ഞങ്ങൾ തീരുമാനിച്ചു. ഗോശാലകളിലെ നാടൻ പശുക്കളെ വളർത്താൻ സഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്’- ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.