പള്ളിയുടെ മേൽക്കൂര പുതുക്കി പണിത തൊഴിലാളികളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്…

പള്ളിയുടെ മേൽക്കൂര പുതുക്കി പണിയവെയാണ് തൊഴിലാളികളുടെ മുന്നിൽ അത് പ്രത്യക്ഷപ്പെട്ടത്. എന്താണെന്ന് അല്ലെ?1941 -ൽ എഴുതിയ കുറിപ്പ്. അതിൽ പുതിയ തലമുറയ്ക്കുള്ള ചില ഉപദേശങ്ങളായിരുന്നു. ബെൽജിയത്തിലെ ആന്റ്‌വെർപ്പിലുള്ള സെന്റ് ജെയിംസ് പള്ളിയുടെ മേൽക്കൂര പൊളിച്ച് പുതുക്കുന്നതിനിടയിലാണ് ഒരു തീപ്പെട്ടിക്കൂടിനുള്ളിൽ സൂക്ഷിച്ചിരുന്ന നിലയിൽ കുറിപ്പ് കണ്ടെത്തിയത്.

1941 ജൂലൈ 21 എന്നായിരുന്നു കുറിപ്പിൽ കാണിച്ചിരിക്കുന്ന തീയതി. ആ ദിവസമായിരിക്കണം കുറിപ്പ് എഴുതിയിട്ടുണ്ടാവുക. അന്ന് മേൽക്കൂരയുടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് കുറിപ്പ് എഴുതിയിരിക്കുന്നത് എന്ന് കരുതുന്നു. അന്ന് ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് കടന്നു പോകേണ്ടി വന്നിരിക്കുന്ന ദുരിതങ്ങളെ കുറിച്ചും കുറിപ്പിൽ വിവരിച്ചിട്ടുണ്ട്.

സിറ്റി ഓഫ് ആന്റ്‌വെർപ്പിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ കുറിപ്പ് ഷെയർ ചെയ്തു. ഇത് അവിശ്വസനീയം തന്നെ എന്നും ഒരു തൊഴിലാളി സെന്റ് ജെയിംസ് പള്ളിയിൽ നിന്ന് വർഷങ്ങൾ പഴക്കമുള്ള ഒരു കുറിപ്പ് കണ്ടെത്തി എന്നും ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലെ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

നാലുപേർ ചേർന്നാണ് കുറിപ്പിൽ ഒപ്പ് വച്ചിരിക്കുന്നത്. ജോൺ ജാൻസൺ, ജൽ ​ഗൈസലിങ്ക്, ലൂയിസ് ഷാൻട്രെയ്ൻ, ജുൾ വാൻ ഹെമൽഡോങ്ക് എന്നിവരാണ് ആ നാലുപേർ. ഇതേ മേൽക്കൂരയിൽ വർഷങ്ങൾക്ക് മുമ്പ് ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് തങ്ങൾ എന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

“ഈ സീലിം​ഗ് വീണ്ടും പുതുക്കുമ്പോൾ ഞങ്ങൾ ഈ ഭൂമിയിൽ ഉണ്ടാകില്ല. വരുന്ന തലമുറയോട് ഞങ്ങളൊരു കാര്യം പറയാൻ ആ​ഗ്രഹിക്കുന്നു. നമുക്ക് ഈ ഭൂമിയിൽ നല്ലൊരു ജീവിതം ഉണ്ടായിരുന്നില്ല. രണ്ട് യുദ്ധങ്ങൾക്കിടയിലാണ് ഞങ്ങൾ ജീവിച്ചത്. ഒന്ന് 1914 -ലും മറ്റൊന്ന് 1940 -ലും. പട്ടിണിയിലും ദുരിതത്തിലുമാണ് ഞങ്ങളിവിടെ ജോലി ചെയ്യുന്നത്. ഞങ്ങൾക്ക് ഭക്ഷണമില്ല.”

“മറ്റൊരു യുദ്ധം വരുമ്പോൾ അടുത്ത തലമുറകളെ ഉപദേശിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളെ ജീവനോടെ നിലനിർത്താൻ ആവശ്യമായ അളവിൽ അരി, കാപ്പി, പുകയില, ധാന്യങ്ങൾ, ഗോതമ്പ് എന്നിവ പോലെയുള്ള ഭക്ഷണം കഴിക്കുക. ജീവിതം പൂർണ്ണമായി ആസ്വദിക്കുക, ആവശ്യമെങ്കിൽ മറ്റൊരു ഭാര്യയെ സ്വീകരിക്കുക. വിവാഹിതരായവർ: നിങ്ങളുടെ വീട് നോക്കൂ!”

ഇങ്ങനെയൊക്കെയാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. ഏതായാലും കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ നൂറുകണക്കിന് ആളുകളാണ് അത് ലൈക്ക് ചെയ്തതും കമന്റ് ചെയ്തതും.

Related Articles

Back to top button