‘പലരും പണം വച്ചുനീട്ടി,വാങ്ങിയില്ല’..അര്‍ജുന്റെ കുടുംബത്തോട് മാപ്പ് പറഞ്ഞ് മനാഫ്..വിവാദങ്ങള്‍ ഇതോടെ തീരണം…
വൈകാരികമായ ഇടപെടലുണ്ടായതില്‍ അര്‍ജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് മനാഫ്. അര്‍ജുന്റെ കുടുംബത്തിനൊപ്പമാണ് താനും തന്റെ കുടുംബവുമുള്ളതെന്നും ഇതോടെ ഈ വിവാദം അവസാനിപ്പിക്കണമെന്നും മനാഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വൈകാരികമായി സമീപിക്കുന്നതാണ് തന്റെ രീതിയെന്നും അത് അര്‍ജുന്റെ കുടുംബത്തിന് വിഷമം ഉണ്ടാക്കിയതില്‍ മാപ്പുപറയുന്നുവെന്നും മനാഫ് വ്യക്തമാക്കി.ഇത്തരമൊരു വാര്‍ത്താസമ്മേളനം സ്വപ്നത്തില്‍ പോലും ആലോച്ചിരുന്നില്ലെന്ന് മനാഫ് പറഞ്ഞു. ജനങ്ങളുടെ മുന്നില്‍ സത്യാവസ്ഥ പറയാന്‍ വേണ്ടിയാണ് മാധ്യമങ്ങളെ കാണുന്നത്. അര്‍ജുന്റെ പേരില്‍ ഇതുവരെ ഒരുമുതലെടുപ്പും നടത്തിയിട്ടില്ല. അര്‍ജുനായി അവസാനം വരെ നിലനിന്നു. അവനെ വീട്ടിലെത്തിച്ച ശേഷമാണ് ദൗത്യം അവസാനിപ്പിച്ചത്. ദൗത്യത്തില്‍ ഒരിടത്തും പിആര്‍ വര്‍ക്ക് ചെയ്തിട്ടില്ലെന്നും മനാഫ് പറഞ്ഞു.
അതേസമയം പണപ്പിരിവ് നടത്തിയെന്ന അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണം മനാഫ് നിഷേധിച്ചു. പണം പിരിച്ചിട്ടില്ലെന്നും ആരില്‍ നിന്നെങ്കിലും പൈസ വാങ്ങിയെന്ന് തെളിഞ്ഞാല്‍ കല്ലെറിഞ്ഞ് കൊല്ലൂവെന്നും മനാഫ് ആവര്‍ത്തിച്ചു.നിലവില്‍ ആരില്‍ നിന്നും പണം പിരിച്ച് ജീവിക്കേണ്ട സാഹചര്യമില്ല. ബാങ്ക് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. അര്‍ജുന്റെ മകന്റെ പേരില്‍ അക്കൗണ്ട് ഉണ്ടോ എന്ന് അന്വേഷിച്ചതാണ് വിവാദങ്ങളുടെ അടിസ്ഥാനം. അര്‍ജുന്റെ കുടുംബത്തെ വേദിനിപ്പിച്ചുവെങ്കില്‍ മാപ്പ് ചോദിക്കുന്നു. അര്‍ജുന്റെ കുടുംബമായാലും ഞങ്ങളായാലും ഉത്തരവാദിത്വത്തോടെയാണ് പെരുമാറേണ്ടത്. മാധ്യമ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ദൗത്യത്തിന്റെ വിവരങ്ങള്‍ പലതും പങ്കുവെച്ചത് യൂട്യൂബ് ചാനലിലൂടെയാണ്. യൂട്യൂബ് ചാനലില്‍ നിന്ന് സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. ചാനല്‍ തുടങ്ങിയത് ഷിരൂരിലെ വിവരങ്ങള്‍ ആളുകളിലേക്ക് എത്തിക്കാനാണ്. മാല്പെയുമായി ചേര്‍ന്ന് നാടകം കളിച്ചെന്ന് പറയുന്നവരോട് മറുപടിയില്ലെന്നും മനാഫ് പറഞ്ഞു.
ഈ വിഷയം ഇന്നത്തോട് കൂടി അവസാനിക്കണം. ഇത് ഇങ്ങനെ അവസാനിപ്പിക്കാനാണ് ഇങ്ങനെ ഒരു വാര്‍ത്താ സമ്മേളനം നടത്തിയത്. അര്‍ജുന്റെ വിഷയത്തിന്റെ പേരില്‍ ആ കുടുംബത്തെ ടാര്‍ഗറ്റ് ചെയ്യരുത്. അവര്‍ നടത്തിയ വാര്‍ത്താ സമ്മേളത്തിന് പിന്നില്‍ മറ്റ് ആരെങ്കിലും ഉണ്ടാകാം. തങ്ങളുടെ കുടുംബത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് ഉണ്ടായാല്‍ മാപ്പുപറയാന്‍ ഒരു മടിയുമില്ല. ലോകത്തിന് മാതൃകയായ ഒരു രക്ഷാപ്രവര്‍ത്തനമാണ് നമ്മള് നടത്തിയതെന്നും മനാഫ് പറഞ്ഞു.




