പലരിൽ നിന്നും മൂന്ന് കോടി രൂപയും 60 പവനും തട്ടിയെടുത്ത കേസിൽ മുന്‍ പഞ്ചായത്തംഗമുള്‍പ്പെടെ അറസ്റ്റില്‍….

ആലപ്പുഴ: പല ആളുകളിൽ നിന്നായി മൂന്നുകോടിയോളം രൂപയും 60 പവൻ സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്ത കേസില്‍ രണ്ട് സ്ത്രീകൾ അറസ്റ്റിൽ. മാന്നാര്‍ കുട്ടമ്പേരൂര്‍ പല്ലവനക്കാട്ടില്‍ സാറാമ്മ ലാലു (മോളി), മാന്നാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗം മാന്നാര്‍ കുരട്ടിക്കാട് നേരൂര്‍ വീട്ടില്‍ ഉഷ ഗോപാലകൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതു. കഴിഞ്ഞ ഞായറാഴ്ച തട്ടിപ്പിനിരയായി വീട്ടിലെ പൂജാ മുറിയില്‍ ജീവനൊടുക്കിയ മാന്നാര്‍ കുരട്ടിക്കാട് ഓങ്കാറില്‍ ശ്രീദേവിയമ്മ ഉള്‍പ്പടെ പലരില്‍ നിന്നായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയതായുള്ള പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്.
ശ്രീദേവിയമ്മയുടെ മരണത്തോടെ ഒളിവിൽ പോയിരിക്കുകയായിരുന്നു പ്രതികൾ. ഇവരെ തിരുവല്ല കുറ്റൂരുള്ള വീട്ടിൽ നിന്ന് വീയപുരം പൊലീസാണ് അറസ്റ്റ് ചെയ്തത്. ശ്രീദേവിയമ്മയുടെ കയ്യില്‍ നിന്ന് 65 ലക്ഷത്തോളം രൂപ സംഘം തട്ടിയെടുത്തതായാണ് പരാതി. കേന്ദ്രപദ്ധതി പ്രകാരം വനിതകള്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങുന്നതിനായി 10 കോടി രൂപ ലഭിക്കുമെന്നും അതിന്റെ പ്രാരംഭ ചിലവുകള്‍ക്കായി കുറച്ച് പണം നല്‍കി സഹായിക്കണമെന്നും ആവശ്യപെട്ടാണ് ഇവര്‍ ശ്രീദേവിയമ്മ ഉള്‍പ്പെടെയുള്ളവരെ സമീപിച്ച് തട്ടിപ്പ് നടത്തിയത്.സാറാമ്മ ലാലു, ഉഷാ ഗോപാലകൃഷ്ണന്‍, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് മാന്നാറിലും പരിസര പ്രദേശങ്ങളിലും തട്ടിപ്പ് നടത്തിയത്.
പണം തട്ടിപ്പ് നടത്തിയതതുമായി ബന്ധപ്പെട്ട് ശ്രീദേവിയമ്മ മരിക്കുന്നതിന് മുന്‍പുതന്നെ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശ്രീദേവിയമ്മയുടെ മരണശേഷമാണ് കൂടുതല്‍ പേര്‍ പരാതിയുമായി എത്തിയത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ശ്രീദേവിയമ്മ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്വേഷണ ചുമതല വീയപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കൈമാറിയത്.

Related Articles

Back to top button