പരീക്ഷാ പേപ്പർ നോക്കുന്ന അധ്യാപകരുടെ അശ്രദ്ധ മൂലം വിഷമത്തിലായിരിക്കുകയാണ് 10-ാം ക്ലാസുകാരി അനയ….
ഹരിപ്പാട്: പരീക്ഷ പേപ്പർ പരിശോധിച്ച അധ്യാപകന്റെ അശ്രദ്ധ മൂലം എസ് എസ് എൽ സി വിദ്യാർഥി തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി കൂട്ടുങ്കൽ വീട്ടിൽ സാബു രജി ദമ്പതികളുടെ മകൾ അനയ ആർ സാബുവിന് നഷ്ടപ്പെട്ടത് ഏഴു മാർക്ക്. തുടർ പഠനത്തിനുള്ള നടപടികൾ ആരംഭിച്ച ഘട്ടത്തിലും മാർക്കിന്റെ കാര്യത്തിൽ തീരുമാനമാകാത്തത് അനയയേയും രക്ഷിതാക്കളേയും സങ്കടത്തിലാക്കുന്നു. നഷ്ടപ്പെട്ട മാർക്ക് തിരികെ കിട്ടാനുള്ള ഓട്ടത്തിലാണ് അവർ. നങ്ങ്യാർകുളങ്ങര ബഥനി ബാലികാമഠം സ്കൂളിൽ നിന്നാണ് എസ് എസ് എൽ സി. വിജയിച്ചത്. ഒമ്പത് എ പ്ലസും ഒരു ബി പ്ലസുമാണ് ലഭിച്ചത്. സോഷ്യൽ സയൻസിനാണ് ബി പ്ലസ് ഗ്രേഡ് ലഭിച്ചത്. അതിനേക്കാൾ ഉയർന്ന ഗ്രേഡ് പ്രതീക്ഷയുള്ളതിനാൽ 400 രൂപ ചെലവഴിച്ച് പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകി. എന്നാൽ ലഭിച്ച മാർക്കിൽ മാറ്റമില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നിട്ടും അനയ പിന്മാറിയില്ല.
ഉയർന്ന ഗ്രേഡ് ലഭിക്കുമെന്ന് ആത്മവിശ്വാസം ഉള്ളതിനാൽ 200 രൂപ വീണ്ടും അടച്ച് ഉത്തരപേപ്പറിന്റെ പകർപ്പെടുത്തു. അപ്പോഴാണ് പരീക്ഷാ പേപ്പർ പരിശോധിച്ച അധ്യാപകന്റെ പിഴവുമൂലം ഏഴ് മാർക്കിന്റെ കുറവ് വന്നതായി കണ്ടെത്തുന്നത്. ഏഴു മാർക്ക് കൂടി ലഭിക്കുമ്പോൾ നിലവിലുള്ള ബി പ്ലസ്, എ ഗ്രേഡായി മാറും. ഉത്തരത്തിന്റെ ഭാഗത്ത് ഇട്ട മാർക്ക് സ്കോർ ഷീറ്റിലേക്ക് പകർത്തി എഴുതാതിരുന്നതാണ് കാരണം. ചോദ്യം 12 നും 14 നും എഴുതിയ ഉത്തരത്തിന് മൂന്നു മാർക്ക് വീതം നൽകിയിട്ടുണ്ട്.
കൂടാതെ ചോദ്യം നമ്പർ 18ന് ഒരു മാർക്കും കൊടുത്തതായി ഉത്തര പേപ്പറിൽ ഉണ്ട്. എന്നാൽ ഈ ഏഴു മാർക്ക് ടാബുലേഷൻ ഷീറ്റിൽ വന്നിട്ടില്ല. പേപ്പർ പരിശോധിച്ച അധ്യാപകർക്കുണ്ടായ അശ്രദ്ധയാണ് പ്രശ്നത്തിന് കാരണം. പുനർ മൂല്യനിർണയത്തിൽ ഈ പിഴവ് കണ്ടെത്താതിരുന്നത് ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെടുന്നു. മൂന്നാം തീയതി വൈകിട്ടാണ് ഉത്തര പേപ്പറിൻ്റെ പകർപ്പ് ലഭിച്ചത്.
നാലാം തീയതി സ്കൂൾ അധികാരികൾ ജില്ല വിദ്യാഭ്യാസ ഓഫീസർക്ക് നൽകി. പിന്നീട് അനയയുടെ പിതാവ് പരീക്ഷാഭവനുമായി ബന്ധപ്പെടുകയും അവർ പറഞ്ഞതനുസരിച്ച് മെയിൽ അയക്കുകയും ചെയ്തു. കൂടാതെ അയന ഒപ്പിട്ട പരാതിയും ബന്ധപ്പെട്ട രേഖകളും മെയിൽ മുഖാന്തരം പരീക്ഷ ഭവനിലേക്ക് അയച്ചിട്ടുണ്ട്. ഫസ്റ്റ് അലോട്ട്മെൻറ് നടപടികൾ പൂർത്തീകരിച്ചിട്ടും മാർക്കിന്റെ കാര്യത്തിൽ തീരുമാനം ആകാത്തത് അയനയെ സങ്കടത്തിലാക്കുന്നു. ആദ്യ അലോട്ട്മെൻ്റിൽ അഞ്ചാമത്തെ സ്കൂളാണ് അനുവദിച്ചു കിട്ടിയത്. നടപടി വൈകിയാൽ താനാഗ്രഹിച്ച സ്കൂളുകൾ ലഭിക്കാതെ പോകുമോ എന്ന സങ്കടം അനയക്കുണ്ട്.