പരാതി ശരിക്കും എഴുതാന്‍ സമ്മതിച്ചില്ല… മകന്റെ കാലൊടിച്ച കാര്യം പറഞ്ഞിട്ടും മോശം പ്രതികരണം….
ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലിനോട് വട്ടപ്പാറ എസ്‌ഐ കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ പൊലീസിനെതിരെ പരാതിക്കാരിയും സുഹൃത്തും. ഭര്‍ത്താവിനെതിരെ പരാതി നല്‍കിയ അധ്യാപികയായ യുവതിയും സുഹൃത്ത് ഫാത്തിമയുമാണ് പൊലീസിന്റെ തണുപ്പന്‍ പ്രതികരണത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ‘രണ്ടാം ഭര്‍ത്താവിന്റെ അതിക്രമത്തെ വട്ടപ്പാറ പൊലീസ് സ്റ്റേഷനിലാണ് പരാതിപ്പെട്ടത്. സ്‌കൂളിലെത്തി തന്റെ മകന്റെ കാല്‍ ചവിട്ടിയൊടിച്ച കാര്യവും പൊലീസിനോട് പറഞ്ഞു. ചെറിയാന്‍ തോമസ് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞു. എന്നാല്‍ ഇത്രയൊക്കെ പറഞ്ഞിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് തണുപ്പന്‍ പ്രതികരണമാണ്. താമസിക്കുന്ന ഫ്‌ളാറ്റ് ഭര്‍ത്താവിന്റെ കൂടി ആയതിനാല്‍ എങ്ങനെ തടയുമെന്ന് പൊലീസ് ചോദിച്ചെന്ന് പരാതിക്കാരി പറഞ്ഞു. ദാമ്പത്യം സുഗമമായി മുന്നോട്ടുപോകണമെങ്കില്‍ പരാതി നല്‍കരുതെന്ന് ഉപദേശിച്ചെന്നും യുവതി പറഞ്ഞു.
വിശദമായി പരാതി എഴുതാന്‍ പോലും പൊലീസ് സമ്മതിച്ചില്ലെന്ന് പരാതിക്കാരിയുടെ കൂടെ സ്റ്റേഷനിലേക്ക് പോയ ഫാത്തിമ പറഞ്ഞു. സംരക്ഷണം വേണമെന്ന് മജിസ്‌ട്രേറ്റിന്റെ അടുത്ത് പോയി ആവശ്യപ്പെട്ടാലേ ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞു. ചുമ്മാ പറഞ്ഞു വന്നാല്‍ ഞങ്ങള്‍ക്കവിടെ ഇടപെടാന്‍ കഴിയില്ല. മജിസ്‌ട്രേറ്റിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങിക്കൊണ്ടുവരാന്‍ ഗിരിലാല്‍ ആവശ്യപ്പെട്ടു’ . ഫാത്തിമ വ്യക്തമാക്കി.
നെടുമങ്ങാട് സ്വദേശിനിയായ യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് മന്ത്രി വട്ടപ്പാറ സി ഐ ഗിരിലാലിനെ വിളിച്ചപ്പോഴാണ് മന്ത്രിയുമായി വാക്കേറ്റമുണ്ടായത്. ന്യായം നോക്കി ഇടപെടുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ആളെ താന്‍ പോയി തൂക്കിയെടുത്തുകൊണ്ട് വന്നാല്‍ നാളെ ഞങ്ങളെ ആരും സംരക്ഷിക്കാന്‍ കാണില്ലെന്ന് സിഐ പറയുന്നത് ഓഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.